എവറസ്റ്റ് കീഴടക്കുന്ന മൂന്നാമത്തെ മലയാളി വനിതയായി സുഹ്‌റ… രണ്ട് കുട്ടികളുടെ അമ്മ കുറിച്ചത് സമാനതകളില്ലാത്ത ചരിത്രം

മലപ്പുറം : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതശിഖരമായ എവറസ്റ്റിന്റെ ‘ഉച്ചിയിൽ’ കയറി സ്വന്തം രാജ്യത്തിന്റെ ത്രിവർണ്ണ പതാക നെഞ്ചോട് ചേർത്തുപിടിച്ച് മലപ്പുറം മഞ്ചേരി സ്വദേശിനി സുഹ്‌റ ചെരുക്കപ്പള്ളി ചരിത്രത്താളുകളിൽ ഇടംപിടിച്ചു.

എവറസ്റ്റ് കീഴടക്കുന്ന മൂന്നാമത്തെ മലയാളി വനിതയെന്ന അപൂർവ്വ നേട്ടമാണ് രണ്ട് കുട്ടികളുടെ മാതാവായ ഈ 40-കാരി സ്വന്തമാക്കിയിരിക്കുന്നത്. ഇതിനു മുമ്പ് സഫ്രീന ലത്തീഫ്, ശ്രീഷ രവീന്ദ്രൻ എന്നിവർ മാത്രമാണ് എവറസ്റ്റിന് മുകളിലെത്തിയ മറ്റ് മലയാളി വനിതകൾ.

സമുദ്രനിരപ്പിൽ നിന്ന് 8848.86 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടിയാണ് കഠിനമായ പ്രതിബന്ധങ്ങളെ അതിജീവിച്ച് സുഹ്‌റ കീഴടക്കിയത്. നേപ്പാൾ ഭാഗത്തുകൂടി ഒറ്റ ദിവസം കൊണ്ടാണ് സുഹ്‌റയും സംഘവും ഈ ദൗത്യം പൂർത്തിയാക്കിയത്.

മഞ്ചേരിയിലെ സ്കൂൾ പഠനകാലം മുതൽ തന്നെ കായിക മേഖലയോടും ട്രക്കിങ്ങിനോടും അതീവ താല്പര്യം പുലർത്തിയിരുന്ന സുഹ്‌റ, വിവാഹശേഷവും അമ്മയായപ്പോഴും തന്റെ വലിയ സ്വപ്നം നെഞ്ചോടു ചേർത്തുപിടിച്ചിരുന്നു. എഞ്ചിനീയറിങ് ബിരുദധാരിയായ ഇവർ 2017 മുതലാണ് വലിയ മലകൾ കീഴടക്കാൻ തുടങ്ങിയത്. ഭർത്താവ് സിറാജിന്റെ നാടായ വയനാട്ടിലെ മലനിരകളും കുന്നിൻപുറങ്ങളും താണ്ടിയായിരുന്നു തുടക്കം.

ട്രക്കിങ്ങിനെ വെറുമൊരു നേരമ്പോക്കായി കാണാതെ, ഓരോ യാത്രയെയും പുതിയ പാഠങ്ങളാക്കി മാറ്റിയ സുഹ്‌റയ്ക്ക്, എഞ്ചിനീയറായ ഭർത്താവ് സിറാജിനൊപ്പം ബെംഗളൂരുവിലേക്ക് താമസം മാറിയതോടെയാണ് പർവ്വതാരോഹണ പരിശീലനങ്ങൾ കൂടുതൽ സജീവമാക്കാൻ കഴിഞ്ഞത്. അനുനിമിഷം മാറിമറിയുന്ന കാലാവസ്ഥ കാരണം പർവ്വതാരോഹകരുടെ ‘മരണമേഖല’ എന്ന് വിളിക്കപ്പെടുന്ന എവറസ്റ്റിന്റെ മുകളിലെത്തുക എന്നത് വലിയൊരു അതിസാഹസം തന്നെയായിരുന്നു.

സുഹ്‌റയുടെ എവറസ്റ്റ് യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. ട്രക്കിങ്ങിനിടെ ക്യാമ്പ് ഒന്നിലേക്ക് എത്തുന്നതിനായി ഖുംബു ഹിമനദി കടക്കേണ്ടി വന്നപ്പോൾ വലിയൊരു മഞ്ഞുപാളി വീണ് യാത്ര തടസ്സപ്പെടുകയും ഒപ്പമുണ്ടായിരുന്ന ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ഒരാഴ്ചയോളം ബേസ് ക്യാമ്പിൽ കുടുങ്ങിപ്പോയി.

കഴിഞ്ഞ സമ്മിറ്റ് സീസണിൽ എവറസ്റ്റാരോഹണത്തിലെ അവസാന ഘട്ടമായ ക്യാമ്പ് നാലിൽ എത്തിനിൽക്കെ, മോശം കാലാവസ്ഥ കാരണം ലക്ഷ്യത്തിന് തൊട്ടുമുന്നിൽ വെച്ച് ഇവർക്ക് തിരിച്ചിറങ്ങേണ്ടി വന്നിരുന്നു. എന്നാൽ തോറ്റുകൊടുക്കാൻ തയ്യാറാകാതെ ഈ വർഷത്തെ സീസണിൽ അവർ വീണ്ടും പുറപ്പെട്ടു.

‘എലൈറ്റ് എക്സ്പെഡിഷൻ’ ഏജൻസിക്കൊപ്പ മായിരുന്നു യാത്ര. സുഹ്‌റയുൾപ്പെടെ മൂന്ന് ഇന്ത്യക്കാരുള്ള 274 പേരടങ്ങുന്ന സംഘമാണ് ഇത്തവണ ലക്ഷ്യം കണ്ടത്. മുൻപ് 2019 മേയിലാണ് നേപ്പാൾ വഴി ഒറ്റദിവസംകൊണ്ട് 223 പേർ എവറസ്റ്റ് കീഴടക്കി റെക്കോർഡിട്ടത്. ആ റെക്കോർഡാണ് സുഹ്‌റയും സംഘവും ഇപ്പോൾ തിരുത്തിക്കുറിച്ചത്.

ഏകദേശം 40 ലക്ഷത്തോളം രൂപയാണ് ഈ വലിയ എവറസ്റ്റ് പര്യവേഷണത്തിനായി ചിലവായതെന്ന് സുഹ്‌റ പറയുന്നു. സ്കൂൾ വിദ്യാർത്ഥികളായ എമിർ, എഹാബ് എന്നിവർ മക്കളാണ്. മഞ്ചേരി വല്യാട്ടുപറമ്പ് തുഷാരയിൽ റിട്ട. PWD എഞ്ചിനീയർ അബ്ദുൾ ജലീലിന്റെയും റിട്ട. നഴ്സിങ് ഓഫീസർ ആയിഷാബിയുടെയും മകളായ സുഹ്‌റയുടെ ഈ ആഗോള നേട്ടത്തിന്റെ സന്തോഷത്തിലാണ് മഞ്ചേരിയും മലപ്പുറവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!