അങ്കമാലി: കറിക്ക് ഉപ്പില്ലെന്നും രുചി പോരെന്നും ആരോപിച്ച് ഹോട്ടൽ ജീവനക്കാരന് ഉടമയുടെ ക്രൂര മർദനവും കത്തികൊണ്ടുള്ള ആക്രമണവും. എറണാകുളം അങ്കമാലിയിലെ ‘മീൻ വിലാസം’ ഹോട്ടലിലാണ് ദാരുണമായ സംഭവം നടന്നത്.
ഹോട്ടലിലെ ഷെഫായ റിയാസിനാണ് വെട്ടേറ്റത്. സംഭവത്തിൽ ഹോട്ടലുടമകളിൽ ഒരാളായ മുഹമ്മദ് ഉബൈസിനെതിരെ പോലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകീട്ടോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
സ്വന്തം ഹോട്ടലിലെത്തി ഫിഷ് ഫ്രൈ ഓർഡർ ചെയ്ത ഉബൈസ്, അതിന് രുചിയില്ലെന്നും ആവശ്യത്തിന് ഉപ്പില്ലെന്നും പറഞ്ഞ് റിയാസുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഹോട്ടലിലെ ഫ്രീസർ കേടായതുകൊണ്ടാണ് മീനിന്റെ രുചിയിൽ വ്യത്യാസം വന്നതെന്ന് റിയാസ് വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ഇത് കേൾക്കാൻ ഉടമ തയ്യാറായില്ല.
തുടർന്ന് വാക്കുതർക്കം രൂക്ഷമാവുകയും ഉബൈസ് കത്തിയെടുത്ത് റിയാസിനെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ റിയാസിന്റെ കൈക്ക് വെട്ടേൽക്കുകയും മർദനമേൽക്കുകയും ചെയ്തു. സംഭവത്തിൽ അങ്കമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പോലിസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
