കൊച്ചി: ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം.
കലൂർ ചക്കാലപ്പാടം റോഡിൽ ഇന്ന് പുലർച്ചെ ആയിരുന്നു ദാരുണമായ സംഭവം ഉണ്ടായത്.
യുവതികൾ നടന്നുപോകുന്നതിനിടെ എട്ടംഗ സംഘം അശ്ലീല ചുവയോടെ സംസാരിക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്ത യുവതികളിൽ ഒരാളെ സംഘം അതിക്രൂരമായി ആക്രമിച്ചു.
പരിക്കേറ്റ യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാർട്ട് ടൈം ആയി ജോലി ചെയ്യുന്ന പെൺകുട്ടികൾ പുലർച്ചെ റൂമിലേക്ക് നടന്നുപോകുമ്പോഴാണ് വഴിയിൽ തങ്ങിനിന്ന സംഘം ലൈംഗികച്ചുവയോടെ സംസാരിക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തത്.
ഇത് ചോദ്യം ചെയ്ത പെൺകുട്ടികൾ അക്രമികളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചു.
ഇതോടെ അക്രമിസംഘം പെൺകുട്ടിയുടെ കൈ തിരിച്ചുപിടിച്ച് ഫോൺ തട്ടിയെടുത്ത് നിലത്തടിച്ചുടച്ചു.
തുടർന്ന് യുവതിയുടെ മുടിയിൽ കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയും നെഞ്ചിലും വയറിലും ബൂട്സിട്ട് ചവിട്ടുകയും ചെയ്തു.
ആക്രമണത്തിനിടെ യുവതിയുടെ വസ്ത്രം വലിച്ചുകീറാനും മാറിടത്തിൽ നഖം ആഴ്ത്തി മുറിവേൽപ്പിക്കാനും സംഘം ശ്രമിച്ചതായി ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതി പറഞ്ഞു.
ആക്രമി സംഘത്തിൽ രണ്ട് യുവതികളും ആറ് പുരുഷന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറഞ്ഞത്. സംഭവത്തിൽ എറണാകുളം നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
ആക്രമണത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.
സംഭവസ്ഥലത്തെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. അക്രമി സംഘത്തെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം
