‘എന്റെ ഭാര്യ ഗര്‍ഭിണിയാണ്?’വിഐപി വാഹനവ്യൂഹത്തിന് കടന്നുപോകാന്‍ റോഡ് ബ്ലോക്ക്, റോഡിലിരുന്ന് യുവാവിന്റെ പ്രതിഷേധം

ബംഗളൂരു: ഗതാഗതക്കുരുക്കിനിടയില്‍ വിഐപി വാഹനവ്യൂഹത്തിന് കടന്നു പോകുന്നതിനായി റോഡ് ബ്ലോക്ക് ചെയ്യുന്ന രീതി രാജ്യത്ത് എല്ലായിടത്തും കാണാം. ജനങ്ങള്‍ പലപ്പോഴും നിശബ്ദമായി ഇത് സഹിക്കാറാണ് പതിവ്. ബംഗളൂരുവിലെ ഗതാഗതക്കുരുക്കാണെങ്കില്‍ പറയുകയേ വേണ്ട. എന്നാൽ ഗതാഗത കുരുക്കിന് കുപ്രസിദ്ധി നേടിയ ബംഗളൂരുവിൽ ഒരു യുവാവിൻറെ അസാധാരണ പ്രതിഷേധം ഇപ്പോള്‍ വാര്‍ത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്.

കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്‌ലോട്ടിന്റെ വാഹനവ്യൂഹത്തിന് കടന്നുപോകാനായി ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡില്‍ ഏര്‍പ്പെടുത്തിയ ദീര്‍ഘനേരത്തെ നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് ഗര്‍ഭിണിയായ ഭാര്യക്കൊപ്പം റോഡിന് നടുവിലിരുന്ന് യുവാവാണ് ശ്രദ്ധേയനായത്.

ഒരു രാഷ്ട്രീയക്കാരന്റെ സമയത്തിന് എത്രത്തോളം മൂല്യമുണ്ടോ അത്രത്തോളം തന്നെ മൂല്യം ഒരു സാധാരണ പൗരന്റെ സമയത്തിനുമുണ്ടെന്ന് റോഡിലിരുന്ന് പ്രതിഷേധിച്ച യുവാവ് പറഞ്ഞു. അവിടെയുണ്ടായിരുന്ന ട്രാഫിക് ഇന്‍സ്‌പെക്ടറുമായി യുവാവ് ഏറെ നേരെ തര്‍ക്കിക്കുകയും ചെയ്തു.

യാത്രക്കാരന്‍: ‘എന്റെ ഭാര്യ ഗര്‍ഭിണിയാണ്. ഞങ്ങള്‍ക്കും ജോലികളില്ലേ?’

ട്രാഫിക് പോലീസ്: ‘മാറി നില്‍ക്കൂ. അങ്ങോട്ട് മാറി നില്‍ക്കൂ.’

യാത്രക്കാരന്‍: ‘എന്റെ ഭാര്യ ഗര്‍ഭിണിയാണ്. നിങ്ങള്‍ എന്തിനാണ് സിഗ്‌നല്‍ ബ്ലോക്ക് ചെയ്തത്? ഗവര്‍ണര്‍ ഒരു വിഐപി ആയതുകൊണ്ട് ഞങ്ങള്‍ ആരുമല്ലെന്നാണോ?’

ട്രാഫിക് പോലീസ്: ‘നിങ്ങളും ഒരു വിഐപി തന്നെയാണ്. ഇനി എഴുന്നേറ്റ് മാറി നില്‍ക്കൂ. നിങ്ങള്‍ എഴുന്നേല്‍ക്കുന്നുണ്ടോ ഇല്ലയോ?’

യാത്രക്കാരന്‍: ‘ഇല്ല.’

ട്രാഫിക് പൊലീസ്: ‘നിങ്ങള്‍ എഴുന്നേല്‍ക്കുമോ ഇല്ലയോ?’

യാത്രക്കാരന്‍: ‘ഇല്ല.’

ഈ സംഭാഷണത്തിന്റെ വിഡിയോ വൈറലായി. ജനക്കൂട്ടം നിറഞ്ഞ റോഡിലൂടെ ഗവര്‍ണറുടെ വാഹനവ്യൂഹം കടന്നുപോകുന്നത് കാണാമെങ്കിലും, നാടകീയമായ പ്രതിഷേധം എങ്ങനെയാണ് പരിഹരിക്കപ്പെട്ടതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമല്ല. ഇത്തരം സംഭവങ്ങളെക്കുറിച്ച് കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചിരുന്നു. ഔദ്യോഗിക പ്രോട്ടോക്കോളുകളില്‍ ആഡംബരപ്രകടനങ്ങള്‍ക്ക് പകരം ലാളിത്യത്തിനും കാര്യക്ഷമതയ്ക്കും മുന്‍ഗണന നല്‍കിക്കൊണ്ട്, നിയന്ത്രിതവും ചെലവ് കുറഞ്ഞതുമായ സമീപനം സ്വീകരിക്കാനാണ് പ്രധാനമന്ത്രി മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടത്.

ഭരണനിര്‍വഹണത്തിലെ ഈ ലളിതവല്‍ക്കരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി തന്റെ സ്വന്തം വാഹനവ്യൂഹത്തിന്റെ വലുപ്പം 50 ശതമാനമായി കുറയ്ക്കാനും, അനാവശ്യമായ ചെലവുകളും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്താനും നിര്‍ദ്ദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!