അവകാശവാദങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും വിരാമമിട്ട് യാഥാര്‍ത്ഥ്യത്തിലേക്ക്, തിരഞ്ഞെടുപ്പ് ഫലം ഇന്ന്

തിരുവനന്തപുരം : ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വിജയത്തിന്റെ സ്വാഭാവിക തുടര്‍ച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റേയും കണക്കുകൂട്ടല്‍. നേരിയ ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. പത്തിലധികം സ്ഥലങ്ങളില്‍ വിജയിക്കുമെന്നും കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനത്തും വോട്ടിങ് ശതമാനത്തില്‍ വലിയ വര്‍ദ്ധനവും ഉണ്ടാകുമെന്നുമാണ് ബിജെപിയുടെ വിലയിരുത്തല്‍.

സിപിഎമ്മിനെ സംബന്ധിച്ച്‌ ജനവിധി പരാജയമാണെങ്കില്‍ കേരളത്തില്‍ ഭരണം നഷ്ടപ്പെടുന്നതോടെ രാജ്യത്ത് ഒരിടത്തും ഭരണമില്ലാത്ത പാര്‍ട്ടിയായി സിപിഎം മാറും. ദേശീയ രാഷ്‌ട്രീയത്തില്‍ വലിയ തിരിച്ചടിയാകും സിപിഎമ്മിന് ഉണ്ടാവുക. ബംഗാളിലും ത്രിപുരയിലും വലിയ ഭൂരിപക്ഷത്തില്‍ വളരെക്കാലവും മറ്റ് പലയിടങ്ങളിലും സഖ്യകക്ഷികളുമായും അധികാരം പങ്കിട്ടവരാണ് സിപിഎം. അവിടങ്ങളില്‍ നിന്നെല്ലാം തൂത്തെറിയപ്പെട്ട സിപിഎം കേരളത്തില്‍ മാത്രമാണ് കുറച്ചുകാലമായി അധികാരത്തിലുള്ളത്. ഈ അധികാരത്തണലിലാണ് പാര്‍ട്ടിയെ മുന്നോട്ടുനയിച്ചത്.

ഇവിടെ അധികാരനഷ്ടം സംഭവിച്ചാൽ അത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകും. ദേശീയ രാഷ്‌ട്രീയത്തില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുമാത്രമുള്ള സിപിഎമ്മിന് ദേശീയ പ്രസക്തി നിലനിര്‍ത്താന്‍ ഭരണത്തുടര്‍ച്ച അനിവാര്യമാണ്. കേരളത്തിലെ അധികാരനഷ്ടം പ്രാദേശിക രാഷ്‌ട്രീയത്തിലും സിപിഎമ്മിന്റെ പതനത്തിന് തുടക്കമാകും.

പത്തുവര്‍ഷം പ്രതിപക്ഷത്ത് ഇരുന്നശേഷം കോണ്‍ഗ്രസിന് തിരിച്ചുവരാനായില്ലെങ്കില്‍ യുഡിഎഫ് സംവിധാനം തന്നെ മാറിമറിയും. അധികാരമില്ലാത്ത കോണ്‍ഗ്രസിനും യുഡിഎഫിനും അധികകാലം പിടിച്ചു നില്‍ക്കാനാവില്ല. ഘടക കക്ഷികളെ പിടിച്ചുനിര്‍ത്താനുമാവില്ല. കൂടാതെ ദേശീയ രാഷ്‌ട്രീയത്തിലും സംസ്ഥാന രാഷ്‌ട്രീയത്തിലും അധികാരമില്ലാത്ത കോണ്‍ഗ്രസിന്റെ മേധാവിത്തം മുന്നണിയില്‍ നഷ്ടമാകും.

വൻ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ബിജെപിയും പ്രതീക്ഷക്ക് ഒത്ത പ്രകടനം കാഴ്ചവച്ചില്ലെങ്കിൽ നേതാക്കൾക്ക് നേരെ ചോദ്യം ഉയരും. 2 സീറ്റ് മുതൽ 15 സീറ്റ് വരെ പ്രതീക്ഷയാണ് മുന്നണിക്ക് ഉള്ളത്. പ്രധാനമന്ത്രി ഒന്നിലധികം തവണ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതാണെന്ന പ്രാധാന്യം കൂടി ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!