മെഡിക്കൽ കോളേജ് ഐസിയു പീഡനം…. അതിജീവിത നാളെ മുഖ്യമന്ത്രി വി. ഡി. സതീശനെ കാണും

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.സി.യുവിൽ വെച്ച് പീഡനത്തിന് ഇരയായ അതിജീവിത നാളെ മുഖ്യമന്ത്രി വി. ഡി. സതീശനെ നേരിൽ കാണും. കേസിൽ സമഗ്രമായ പുനരന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകുന്നത്. പുതിയ സർക്കാർ അധികാരത്തിൽ വന്ന സാഹചര്യത്തിൽ തനിക്ക് പൂർണ്ണമായ നീതി ലഭിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് താനെന്ന് അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു.

കേസിലെ മുഖ്യപ്രതിക്കൊപ്പം നിലകൊള്ളുകയും തന്നെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്ത മെഡിക്കൽ കോളേജിലെ മറ്റ് ജീവനക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് അതിജീവിതയുടെ പ്രധാന ആവശ്യം. കേസിനാസ്പദമായ സംഭവം നടക്കുന്നത് 2023-ലാണ്. മാർച്ച് 18-ന് തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ ഐ.സി.യുവിൽ അനസ്തേഷ്യയുടെ മയക്കത്തിൽ കഴിഞ്ഞ സമയത്താണ് ഗ്രേഡ് വൺ അറ്റൻഡറായ എം.എം. ശശീന്ദ്രൻ പീഡിപ്പിച്ചത്.

സംഭവത്തിന് ശേഷം മുഖ്യപ്രതിയായ ശശീന്ദ്രനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. എന്നാൽ ഇയാളെ രക്ഷിക്കാനും അതിജീവിതയെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിക്കാനും ശ്രമിച്ച അഞ്ച് വനിതാ ജീവനക്കാർക്കെതിരെ തത്തുല്യമായ നടപടിയുണ്ടായില്ല. അവരെ കേവലം സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. അവരിപ്പോഴും സർവീസിൽ തുടരുകയാണ്. ഇവർക്കെതിരെ അടിയന്തിരമായി കടുത്ത അച്ചടക്ക നടപടി സ്വീകരിക്കണമെന്നും അതിജീവിത പറഞ്ഞു.

കേസന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരെ കൃത്യമായ നടപടിയുണ്ടാകുമെന്ന ഉറപ്പ് പുതിയ മുഖ്യമന്ത്രിയിൽ നിന്നും സർക്കാരിൽ നിന്നും നേരിട്ട് വാങ്ങാനാണ് അതിജീവിത നാളെ തിരുവനന്തപുരത്ത് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!