ബസിൽ വെച്ചുണ്ടായ ചെറിയ തർക്കം, പിന്നാലെ കൂട്ടുകാരെ കൂട്ടി വന്ന് കണ്ടക്ടറെ തല്ലിച്ചതച്ച് യുവാവ്

പാലക്കാട് : സ്വകാര്യ ബസിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് കണ്ടക്ടറെ മർദിച്ച് യുവാവ്. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. വടക്കഞ്ചേരിയിൽ നിന്നും മംഗലം ഡാമിലേക്ക് വന്ന ബസിൽ മുടപ്പല്ലൂരിൽ നിന്നും കയറിയ യുവാവാണ് കണ്ടക്ടറെ മർദിച്ചത്.

കണ്ടക്ടർ കുറച്ച് നീങ്ങി നിൽക്കാൻ ആവശ്യപ്പെട്ടത് ഇഷ്ടപ്പെടാത്തതിനാൽ പ്രകോപിതനായ യുവാവ് കണ്ടക്ടറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. പിന്നാലെ ഇരുവരുമായി ചെറിയ ഉന്തും തള്ളുമുണ്ടായി. ഇതോടെ ബസിൽ നിന്നുമിറങ്ങിയ യുവാവ് പിന്നീട് കൂട്ടുകാരെ കൂട്ടി കാറിൽ എത്തുകയും, പമ്പിൽ ഡീസൽ അടിക്കാൻ കയറിയ കണ്ടക്ടറെ മർദിക്കുകയുമായിരുന്നു.

പൊൻകണ്ടം സ്വദേശി പി.വി അജിയെയാണ് ( 52) യുവാവ് മർദിച്ചത്. മംഗലം ഡാം പെട്രോൾ പമ്പിൽ ഡീസൽ അടിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് യുവാവും സംഘവും അവിടേക്ക് എത്തിയതും അജിയെ ആക്രമിച്ചതും. ആക്രമണത്തിൽ പരിക്കേറ്റ അജിയെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരെത്തെ സ്ട്രോക്ക് വന്നതിനെ തുടർന്ന് മരുന്ന് കഴിക്കുന്ന ആളാണ് അജി. സംഭവത്തിൽ മംഗലം ഡാം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹാജിക്ക് നേരെയുണ്ടായ മർദനത്തിൽ പ്രതിഷേധിച്ച് മംഗലംഡാമിൽ സ്വകാര്യ ബസ് പണിമുടക്കി.ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!