ഇനി പുസ്തകം വായിച്ചുകൊണ്ട് ബസ് കാത്തിരിക്കാം; കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ യാത്രക്കാർക്കായി ‘പുസ്തകക്കൂട് ‘

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ യാത്രക്കാരെ വായനയിലേക്കും കൈപിടിച്ചുയർത്തുന്ന പുതിയ സംരംഭത്തിന് തുടക്കം. കണ്ടക്ടർമാർ, ഡ്രൈവർമാർ, മെക്കാനിക്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ‘പുസ്തകക്കൂട്’ എന്ന പേരിൽ ഡിപ്പോകളിൽ വായനസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ബസ് കാത്തുനിൽക്കുന്നവർക്ക് പുസ്തകമെടുത്ത് വായിക്കാനും വായിച്ച ശേഷം തിരിച്ചുവെക്കാനും സാധിക്കും.

പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ കാസർകോട്, കണ്ണൂർ, പയ്യന്നൂർ, ചേർത്തല, തൊടുപുഴ, പാറശ്ശാല എന്നീ ആറു കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ  നടപ്പാക്കാൻ അനുമതി ലഭിച്ചു. മന്ത്രിക്കും കെ.എസ്.ആർ.ടി.സി. എം.ഡിക്കും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് വഴിയൊരുങ്ങിയത്.

കേരളമാകെ പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും കൂട്ടായ്മയായ ‘വായനശാല’യാണ് പദ്ധതിയുടെ പിന്നിൽ. ജീവനക്കാരിലൊതുങ്ങാതെ യാത്രക്കാരിലേക്കും വായനയുടെ ആവേശം എത്തിക്കുകയാണ് ‘പുസ്തകക്കൂട്’ പദ്ധതിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

കാസർകോട് ഡിപ്പോയിലാണ് ‘വായനശാല സാംസ്കാരിക കൂട്ടായ്മ’ എന്ന ആശയത്തിന് തുടക്കം കുറിച്ചത്. ആദ്യം ഓൺലൈനായി പ്രവർത്തിച്ചിരുന്ന കൂട്ടായ്മയ്ക്ക് ഇപ്പോൾ 281 അംഗങ്ങളുണ്ട്. പി.വി. രതീശനാണ് ചീഫ് അഡ്മിൻ. കെ.എസ്.ആർ.ടി.സി.യിലെ സ്ഥിരം യാത്രക്കാരായ വായനാസ്നേഹികളും കൂട്ടായ്മയിലെ അംഗങ്ങളാണ്. കഥാചർച്ച, മാഗസിൻ പ്രസിദ്ധീകരണം എന്നിവയും കൂട്ടായ്മയുടെ ഭാഗമായാണ് നടക്കുന്നത്.

കൂട്ടായ്മയുടെ ജോയിന്റ് സെക്രട്ടറിയായി പി.കെ. ഷൈനി (കണ്ണൂർ), സെക്രട്ടറിയായി കാഞ്ഞങ്ങാട് ഡിപ്പോയിലുള്ള കെ. പ്രദീപ്കുമാർ, പ്രസിഡന്റായി തൃശ്ശൂർ ഡിപ്പോയിലെ ജീജ അനിരുദ്ധൻ എന്നിവരാണ് പ്രവർത്തിക്കുന്നത്. വിവിധ ഡിപ്പോകളെ പ്രതിനിധീകരിച്ച് ഡി. ഗൗതമൻ, കെ.എം. രാജേഷ്, കെ. ഗൗരി, മധു ബി. ഗോപൻ, എം.എസ്. ദേവു തുടങ്ങിയവരും ഭാരവാഹികളായുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!