പഹൽഗാം ആക്രമണം: പാക്കിസ്ഥാനിൽ നിന്നുള്ള ആസൂത്രണമെന്ന് എൻഐഎ കുറ്റപത്രം

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ മുഴുവൻ ആസൂത്രണവും നിയന്ത്രണവും പാക്കിസ്ഥാനിൽ നിന്നായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. വിനോദസഞ്ചാര കേന്ദ്രത്തെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന പാക്കിസ്ഥാനിൽ വെച്ചാണ് തയ്യാറാക്കിയതെന്നും ശക്തമായ തെളിവുകൾ അന്വേഷണത്തിൽ ലഭിച്ചതായും എൻഐഎ പറയുന്നു.

കുറ്റപത്രമനുസരിച്ച്, ലഷ്കർ ഇ തോയിബയുടെയും അതിന്റെ നിഴൽ സംഘടനയായ ദ റസിസ്റ്റന്റ്സ് ഫ്രണ്ടിന്റെയും പ്രധാന നേതാക്കളിൽ ഒരാളായ സൈഫുല്ലയാണ് പാക്കിസ്ഥാനിലെ ലഹോറിൽ നിന്ന് ആക്രമണത്തിന് നേതൃത്വം നൽകിയത്. ഇന്ത്യ തിരയുന്ന അതീവ അപകടകാരികളായ ഭീകരരുടെ പട്ടികയിലുള്ള ഇയാൾ ഇപ്പോഴും ജമ്മു-കശ്മീരിൽ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായും അന്വേഷണ ഏജൻസി വ്യക്തമാക്കുന്നു.

ആക്രമണത്തിന് പിന്നാലെ ‘കശ്മീർ ഫൈറ്റ്’ എന്ന ടെലിഗ്രാം ചാനലിലൂടെ ടിആർഎഫ് ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. എന്നാൽ രാജ്യാന്തര തലത്തിൽ കടുത്ത വിമർശനം ഉയർന്നതോടെ ചാനൽ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ആക്രമണത്തിൽ പങ്കില്ലെന്നും സംഘടന അവകാശപ്പെട്ടു. എന്നാൽ എൻഐഎയുടെ സാങ്കേതിക അന്വേഷണത്തിൽ ചാനലിന്റെ നിയന്ത്രണം പാക്കിസ്ഥാനിൽ നിന്നായിരുന്നുവെന്ന് കണ്ടെത്തി. ‘ദ് റസിസ്റ്റൻസ് ഫ്രണ്ട് ഒഫീഷ്യൽ’ എന്ന മറ്റൊരു ചാനൽ റാവൽപിണ്ടിയിൽ നിന്നാണ് പ്രവർത്തിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.

‘ഓപ്പറേഷൻ മഹാദേവ്’ സൈനിക നടപടിയിൽ കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ലഭിച്ച രണ്ട് മൊബൈൽ ഫോണുകളും പാക്കിസ്ഥാനിൽ നിന്ന് വാങ്ങിയതാണെന്ന് എൻഐഎ സ്ഥിരീകരിച്ചു. ഏപ്രിൽ 15, 16 തീയതികളിൽ ഫൈസൽ ജാട്ട് (സുലൈമാൻ), ഹബീബ് താഹിർ (ചോട്ടു), ഹംസ അഫ്ഗാനി എന്നിവർക്ക് ബൈസരൻ താഴ്‌വരയിലും സമീപ പ്രദേശങ്ങളിലുമായി നിരീക്ഷണ ചുമതല നൽകിയതും സൈഫുല്ലയാണെന്നാണ് കണ്ടെത്തൽ.

ആക്രമണദിവസം ലഹോറിൽ നിന്നിരുന്ന സൈഫുല്ല ഭീകരരുമായി നിരന്തരം ബന്ധം പുലർത്തുകയും സുരക്ഷാ സംവിധാനങ്ങൾ, വിനോദസഞ്ചാരികളുടെ സഞ്ചാരം, ആക്രമണ ലക്ഷ്യങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ കൈമാറുകയും ചെയ്തതായി കുറ്റപത്രം പറയുന്നു. ഭീകരരുടെ ഒളിത്താവളങ്ങളും രക്ഷപ്പെടാനുള്ള വഴികളും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നേരിട്ട് നിയന്ത്രിച്ചതും ഇയാളാണെന്ന് എൻഐഎ ആരോപിക്കുന്നു.

ആക്രമണത്തിന് പ്രാദേശിക സഹായം നൽകിയതായി സംശയിക്കുന്ന പർവേസ്, ബഷീർ അഹമ്മദ് എന്നീ രണ്ട് നാട്ടുകാരെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. പഹൽഗാം ആക്രമണത്തെ ഇന്ത്യയുടെ ‘വ്യാജ ഓപ്പറേഷൻ’ ആയി ചിത്രീകരിക്കാൻ പാക്കിസ്ഥാനിൽ നിന്ന് സംഘടിത കള്ളപ്രചാരണം നടന്നതായും എൻഐഎ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!