തിരുവനന്തപുരം : സംസ്ഥാന ആരോഗ്യവകുപ്പിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ നടത്തിയ പർച്ചേസുകളെക്കുറിച്ച് സമഗ്രമായ വകുപ്പുതല അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. മെഡിക്കൽ കോളേജുകളിലും വിവിധ സർക്കാർ ആശുപത്രികളിലും കോടികൾ ചെലവഴിച്ച് വാങ്ങിയ ഉപകരണങ്ങൾ വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നതായുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരെയും മരുന്നുകളും ഉറപ്പാക്കാൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, ഇത്രയും വലിയ തോതിൽ ഉപകരണങ്ങൾ വാങ്ങിയതിന്റെ ആവശ്യകത പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. കമ്മീഷൻ ലക്ഷ്യമിട്ട് പർച്ചേസുകൾ നടത്തിയെന്ന ആക്ഷേപങ്ങളിലും അന്വേഷണം നടത്തും. തകർന്ന സംവിധാനത്തെ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായാണ് ഈ പരിശോധനയെന്നും അദ്ദേഹം വ്യക്തമാക്കി.
മൊബൈൽ മോർച്ചറികൾ, ഓട്ടോക്ലേവ് മെഷീനുകൾ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ ഉൾപ്പെടെ കോടികൾ വിലമതിക്കുന്ന നിരവധി ഉപകരണങ്ങൾ ഉപയോഗശൂന്യമായി കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്ലാൻ ഫണ്ട് ഉപയോഗിച്ചുള്ള എല്ലാ പർച്ചേസുകളും, കേന്ദ്ര പദ്ധതിയായ പി.എം.എസ്.എസ്.വൈ. ഫണ്ടിൽ നടത്തിയ വാങ്ങലുകളും, കൊവിഡ് കാലത്ത് കേന്ദ്ര സർക്കാർ വിതരണം ചെയ്തിട്ടും പ്രവർത്തിപ്പിക്കാതെ സൂക്ഷിച്ചിരിക്കുന്ന ഉപകരണങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും.
മെഡിക്കൽ കോളേജുകളിലെ കോടികൾ വിലമതിക്കുന്ന ഉപകരണങ്ങൾ ഉപയോഗശൂന്യം; കഴിഞ്ഞ 10 വർഷത്തെ എല്ലാ പർച്ചേസുകളും അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി
