ഡിഎംകെ ലയന മോഹം നടപ്പായില്ല; പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്; ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകൾ

ന്യൂഡൽഹി : ദ്രാവിഡ മുന്നേറ്റ കഴകത്തിലേക്ക് പോകാനുള്ള ആഗ്രഹം വെറും ദിവാസ്വപ്നമായി നിലനില്‍ക്കെ മറ്റൊരു അപ്രതീക്ഷിത നീക്കവുമായി നിലമ്ബൂര്‍ എംഎല്‍എ പിവി അന്‍വര്‍.

മമത ബാനര്‍ജിയുടെ കൈപിടിച്ച്‌ പശ്ചിമ ബംഗാള്‍ വഴി കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും അതുവഴി തനിക്കും കളം പിടിക്കാന്‍ പറ്റുമോയെന്ന് പയറ്റാനൊരുങ്ങുകയാണ് അന്‍വര്‍. ഇതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ ദിവസം ചെന്നൈ വഴി ഡല്‍ഹിയിലേക്ക് പോയ പിവി അന്‍വര്‍ രാജ്യതലസ്ഥാനത്ത് തുടരുകയാണ്.

തൃണമൂലിന്റെ രാജ്യസഭ കക്ഷി നേതാവ് ഡെറിക് ഒബ്രിയാന്‍, സുസ്മിത ദേവ് എംപി എന്നിവരുമായി അന്‍വര്‍ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കോണ്‍ഗ്രസ് നേതാവും, പാലക്കാട് നിന്നുള്ള മറ്റൊരു നേതാവും മുമ്ബ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സിപിഎം നേതാവും എല്‍ഡിഎഫിനുവേണ്ടി  നിയമസഭയിലേക്ക് മത്സരിച്ച ചില സ്വതന്ത്രസ്ഥാനാര്‍ത്ഥികളും ഒപ്പമുണ്ടെന്നാണ് അന്‍വര്‍ തൃണമൂല്‍ നേതൃത്വത്തെ ധരിപ്പിച്ചിരിക്കുന്നത്.

ഒരാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം അറിയിക്കാമെന്നാണ് ചര്‍ച്ചകള്‍ നടത്തിയ തൃണമൂല്‍ നേതാക്കള്‍ അന്‍വറിനോട് പറഞ്ഞിട്ടുള്ളത്. കാര്യങ്ങള്‍ അനുകൂലമാണെന്നും ശനിയാഴ്ചയോ തിങ്കളാഴ്ചയോ പ്രഖ്യാപനം ഉണ്ടാകുമെന്നും അന്‍വറിനോട് അടുപ്പമുള്ളവര്‍ വിശ്വസിക്കുന്നു. അന്‍വറിന്റെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള തൃണമൂല്‍ കോണ്‍ഗ്രസില്‍ ലയിക്കുന്ന തരത്തിലാണ് ചര്‍ച്ചകള്‍. മഹാറാലിയും സമ്മേളനവും കൊണ്ടോട്ടിയില്‍ വെച്ച്‌ നടത്താനാണ് ആലോചന. അല്ലെങ്കില്‍ മഞ്ചേരിയിലോ കോഴിക്കോട്ടോ വെച്ച്‌ നടത്തും.

കേരളത്തിന് പുറമേ, തമിഴ്‌നാട്, കര്‍ണാടകലക്ഷദ്വീപ് എന്നിവടങ്ങളില്‍ പാര്‍ട്ടി രൂപീകരിച്ച്‌ ശക്തിപ്പെടുത്താമെന്ന വാഗ്ദാനവും അന്‍വര്‍ തൃണമൂല്‍ നേത്യത്വത്തിന്റെ മുന്നില്‍ വെച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പിളര്‍ന്ന് തമിഴ്‌നാട്ടില്‍ രൂപം കൊണ്ട് തമിഴ് മാനില കോണ്‍ഗ്രസിനെ ത്യണമൂലിന്റെ ഭാഗമാക്കാനാകുമെന്നാണ് പ്രതീക്ഷ. ജനതാദള്‍ എന്‍ഡിഎയുടെ ഭാഗമായതിനെത്തുടര്‍ന്ന് സജീവ പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കുന്ന മൈസൂര്‍, മംഗലാപുരം, ബാംഗ്ലൂര്‍ ഭാഗത്ത് നിന്നുള്ള നേതാക്കളില്‍ ചിലരുമായി അന്‍വര്‍ സംസാരിച്ചിട്ടുണ്ട്.

ശരത് പവാറിന്റെ എന്‍സിപിയുടെ മഹാരാഷ്ട്രയിലെ പതനത്തോട് കൂടി ലക്ഷദ്വീപിലുള്ള എന്‍സിപിയെയും ഒപ്പം കൂട്ടാനാകുമെന്നാണ് അന്‍വര്‍ ക്യാംപ് കരുതുന്നു. തൃണമൂല്‍ ചെയര്‍പേഴ്‌സണും പശ്ചിമബംഗാള്‍  മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി കൂടി മുന്നിട്ടിറങ്ങിയാല്‍ ഇത്തരം നീക്കങ്ങളെല്ലാം വേഗത്തില്‍ നടക്കുമെന്നാണ് അന്‍വറിന്റെ കണക്കുകൂട്ടല്‍.

ഡിഎംകെ ചര്‍ച്ച സമയത്ത് തമിഴില്‍ സംസാരിച്ച അന്‍വര്‍ ഇനി ബംഗാളി ഭാഷയില്‍ ഡയലോഗ് അടിക്കുമോ എന്നാണ് അണികള്‍ കാത്തിരിക്കുനന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!