കട്ടപ്പന : വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കിയ പെണ്‍കുട്ടി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കട്ടപ്പന സ്വദേശിനിയായ പത്തൊന്‍പതുകാരിയാണ് ആശുപത്രിയില്‍ കഴിയുന്നത്. സംഭവത്തില്‍ വണ്ണപ്പുറം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി സ്വന്തം വീട്ടില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായതായി അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി പ്രകാരം കട്ടപ്പന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സംഭവത്തില്‍ വണ്ണപ്പുറം കാളിയാര്‍ പാറപ്പുറത്ത് എമിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, 2022 ജൂണിലാണ് ഇരുപത്തിയൊന്നുകാരനായ എമില്‍ വിവാഹ വാഗ്ദാനം നല്‍കി സുഹൃത്തായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
അടുത്തിടെ യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറി. ഇതേ തുടര്‍ന്നാണ് യുവതി വിഷം കഴിച്ചത്. അപകടനില തരണം ചെയ്ത പെണ്‍കുട്ടി മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുള്ളത്.
കട്ടപ്പന പോലീസ് കാളിയാറ്റിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പീഡിപ്പിക്കപ്പെട്ടപ്പോള്‍ പെണ്‍കുട്ടിയുടെ പ്രായം 17 വയസ് ആയിരുന്നതിനാല്‍ പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. ഡിവൈഎസ്പി പി.വി. ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.