കൊല്ലം : കെഎസ്ആർടിസി ബസ് കണ്ടക്ടറും ഭാര്യയും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആത്മഹത്യ ചെയ്തു. മകന്റെ പിറന്നാൾ തലേന്നാണ് ദമ്പതികൾ ജീവനൊടുക്കിയത്. പുനലൂർ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർ വിളക്കുടി മീനംകോട് വീട്ടിൽ വിജേഷ് (42), ഭാര്യ രാജി (36) എന്നിവരാണ് മരണപ്പെട്ടത്.
ആവണീശ്വരത്ത് വെച്ച് വാനിനു മുൻപിൽ ചാടിയാണ് രാജി ജീവനൊടുക്കിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് വിജേഷിനെ ആയിരവില്ലിപ്പാറയിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു നേരിട്ടിരുന്നത് എന്നാണ് സൂചന. നിരവധി മൈക്രോഫിനാൻസ് യൂണിറ്റുകളിൽ നിന്നും ഇവർ വായ്പ എടുത്തിരുന്നതായും പറയപ്പെടുന്നു.
മൈക്രോ ഫിനാൻസ് യൂണിറ്റിൽ നിന്നും എടുത്ത വായ്പയുടെ തുക തിരിച്ചടയ്ക്കേണ്ട ദിവസമായിരുന്നു ദമ്പതികൾ ആത്മഹത്യ ചെയ്തത്. പണം സ്വരൂപിക്കാനായി ഇവർ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. ആവണീശ്വരത്ത് വെച്ച് വാനിനു മുമ്പിൽ ചാടിയ രാജിയെ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് വിജേഷിന്റെ മൃതദേഹം കണ്ടെത്തിയത്.
