തിരുവനന്തപുരം : അധികാരത്തിലെത്തി ആറുമാസം പിന്നിടുമ്പോൾ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്നോട്ടുപോകുകയാണെന്ന വിമർശനം ശക്തമാകുന്നു.
സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതി സർക്കാർ ഉപേക്ഷിക്കുകയാണെന്നാണ് പ്രധാന ആരോപണം. പ്രിയദർശിനി ബസുകൾ വ്യാപകമായി വെട്ടിക്കുറച്ച് സിറ്റി ഫാസ്റ്റ് സർവീസുകളാക്കി മാറ്റുന്നുവെന്നാണ് റിപ്പോർട്ടുകൾ.
പ്രിയദർശിനി ബസുകൾ സിറ്റി ഫാസ്റ്റ് സർവീസുകളാക്കി മാറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. നിലവിൽ കേരളത്തിലാകെ 2,500ൽ താഴെ ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നതെന്നാണ് വിവരം. ഇതോടെ 3,241 ഓർഡിനറി സർവീസുകൾ എന്ന സർക്കാർ വാദം ചോദ്യം ചെയ്യപ്പെടുകയാണ്.
പ്രിയദർശിനി ബസുകളിൽ ചിലത് ശബരിമല പമ്പ സർവീസിലേക്കും മാറ്റിയിട്ടുണ്ട്. സർവീസ് പൂർത്തിയാക്കി മടങ്ങിയെത്തുന്ന ചില ബസുകൾ സിറ്റി ഫാസ്റ്റ് സർവീസുകളായി മാറുന്നുവെന്നും ആക്ഷേപമുണ്ട്. നേരത്തെ കട്ടപ്പുറത്തായിരുന്ന ബസുകൾ അറ്റകുറ്റപ്പണികൾക്കുശേഷം സർവീസിന് ഇറക്കുമ്പോൾ അവയുടെ വിഭാഗം മാറ്റുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.
തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നാരോപിച്ച് സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
