കോട്ടയം: വാഗ്ദാന പെരുമഴ ഒഴുക്കി കടന്നുവന്ന യുഡിഎഫ് സർക്കാർ കേരളത്തിലെ റബർ കർഷകരെ വഞ്ചിച്ചിരിക്കുകയാണെന്ന് റബ്ബർ ബോർഡ് നിയുക്ത ചെയർമാൻ എൻ ഹരി ആരോപിച്ചു.
സംസ്ഥാന ബജറ്റിൽ 250 രൂപയാണ് റബ്ബർ താങ്ങുവിലയായി പ്രഖ്യാപിച്ചിട്ടുള്ളത്. റബറിന്റെ രാജ്യാന്തര വിപണി വില 300 രൂപയിലേക്ക് എത്തുമ്പോൾ കർഷകരെ തീർത്തും പരിഹസിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.
റബറിന് അടിസ്ഥാന വില 250 രൂപ എന്നു പ്രഖ്യാപിക്കുമ്പോൾ പറയുമ്പോൾ ഇപ്പോൾ ആഗോള വിപണി വില 300 രൂപയിലെത്തിയത് മുഖ്യമന്ത്രിയും ധനകാര്യ വിദഗ്ധരും അറിഞ്ഞില്ലെന്ന് കരുതാനാവില്ല. കേരളത്തിലെ മാർക്കറ്റുകളിൽ 270 രൂപയോളം വിലയുണ്ട്.
ഫലത്തിൽ ഈ പ്രഖ്യാപനം കൊണ്ട് യാതൊരു ഗുണവും കർഷകർക്കില്ല. വിപണി വിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസമാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ഉത്തേജക പാക്കേജായി ലഭിക്കുക. ഫലത്തിൽ ഒരു രൂപ പോലും ചെലവഴിക്കേണ്ടി വരില്ല.
കേന്ദ്രസർക്കാരിൻ്റെ ദീർഘവീക്ഷണ ത്തോടെയുള്ള പദ്ധതികളും നടപടികളും റബർ വില ക്രമാനുഗതമായി ഉയർന്നുവരുകയായി രുന്നു. മാർച്ചിൽ 230 രൂപയോളം വിപണി വില ഉണ്ടായിരുന്നത് കുതിച്ച് 300 എത്തുകയാണ് ഇപ്പോൾ.
കർഷകസമൂഹത്തിന് എന്നും താങ്ങും തണലും ആയ പദ്ധതികളാണ് കേന്ദ്രസർക്കാർ ആവിഷ്കരിക്കുന്നതെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
റബ്ബർ താങ്ങുവില 250 രൂപയായി പ്രഖ്യാപിക്കുമെന്ന് രാഹുൽഗാന്ധി മാർച്ച് 30ന് കോട്ടയത്ത് നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രഖ്യാപിച്ചിരുന്നു.
ഇത് മന്ത്രിസഭയുടെ ആദ്യതീരുമാനമായി രിക്കുമെന്നും അന്നു പറഞ്ഞു. 230 രൂപ കമ്പോള വില ഉണ്ടായിരുന്ന സമയത്താണ് ഈ പ്രഖ്യാപനം നടത്തിയത്.
റബറിന്റെ വില 300 രൂപയെങ്കിലും ആകണമെന്ന് യുഡിഎഫിന്റെ ഘടകകക്ഷികൾ പോലും ആവശ്യപ്പെട്ടതായാണ് മനസ്സിലാക്കുന്നത്. പക്ഷേ ഇതൊന്നും മനസ്സിലാക്കാനോ യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനം സ്വീകരിക്കാനോ യുഡിഎഫ് സർക്കാർ തയ്യാറായിട്ടില്ല.
ഇത്തരത്തിലുള്ള കൊടുംവഞ്ചന ഇനിയെങ്കിലും സർക്കാർ അവസാനിപ്പിക്കണം. കർഷകരെ എക്കാലവും വഞ്ചിക്കാൻ കഴിയില്ലെന്നും എൻ. ഹരി പ്രസ്താവനയിൽ പറഞ്ഞു.
