തിരുവനന്തപുരം : ബിജെപി കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് കോർപ്പറേഷനിൽ പ്രതിപക്ഷ പ്രതിഷേധം. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ പരിക്കേറ്റ എൽഡിഎഫ് കൗൺസിലർമാരും കൗൺസിലിൽ എത്തി. കോർപ്പറേഷൻ പരിസരത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു. പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷ കൗൺസിലർമാർ എത്തിയത്.
കൗൺസിൽ ഹാളിൽ കോൺഗ്രസ് – ബിജെപി കൗൺസിലർമാർ തമ്മിൽ ഉന്തും തള്ളും പിടിവലിയും നടന്നു. ഒരു ബിജെപി അംഗത്തിൻ്റെ ഷർട്ട് കീറി. ഹാജർ ബുക്കിൻ്റെ പേരിൽ ആയിരുന്നു സംഭവം.
അറ്റൻഡൻസ് ബുക്കിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങൾ തുടങ്ങിയത് എന്നാണ് വിവരം. ബിജെപി കൗൺസിലർ ആർ. സുഗതന് ഒപ്പിടുന്നതിനുവേണ്ടി രജിസറ്റർ മാറ്റിവെച്ചു എന്ന് പറഞ്ഞ് തുടങ്ങിയ വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
ഇതിനിടെ തങ്ങൾ ആവശ്യപ്പെടുന്ന വിഷയം കൗൺസിലിൽ ചർച്ച ചെയ്യണമെന്ന് എൽഡിഎഫ് പാർലമെന്ററി നേതാവ് എസ്.പി. ദീപക് ആവശ്യപ്പെട്ടു. ഇതും വാഗ്വാദങ്ങൾക്ക് വഴിവെച്ചു.
