നീറ്റ് പരീക്ഷാ ക്രമക്കേട്… രാജസ്ഥാൻ പൊലീസ് കേരളത്തിലേക്ക്… അന്വേഷണം എംബിബിഎസ് വിദ്യാർത്ഥിയെ കേന്ദ്രീകരിച്ച്…

തിരുവനന്തപുരം: മെയ് 3-ന് നടന്ന നീറ്റ് യുജി (NEET UG) പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിലേക്ക്. രാജസ്ഥാനിലെ ചുരു സ്വദേശിയും കേരളത്തിൽ എംബിബിഎസ് വിദ്യാർത്ഥിയുമായ യുവാവിനെ കേന്ദ്രീകരിച്ചാണ് രാജസ്ഥാൻ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തുന്നത്. പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപ് തന്നെ ചോദ്യപേപ്പർ വിദ്യാർത്ഥികൾക്ക് ലഭിച്ചതായാണ് പൊലീസ് കണ്ടെത്തൽ. വിൽപന നടത്തിയ 600 ചോദ്യങ്ങളും യഥാർത്ഥ ചോദ്യപേപ്പറുമായി വലിയ സാമ്യമുള്ളവയായിരുന്നു.

ചോദ്യപേപ്പർ വിൽപനയ്ക്ക് പിന്നിൽ വലിയ മാഫിയ തന്നെയുണ്ടെന്നാണ് സൂചന. 20,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ ഈടാക്കിയാണ് ചോദ്യപേപ്പറുകൾ വിതരണം ചെയ്തത്. രാജസ്ഥാൻ സ്വദേശിയായ വിദ്യാർത്ഥി കേരളത്തിലെ മെഡിക്കൽ കോളേജിലിരുന്ന് ഇടപാടുകൾക്ക് ഏകോപനം നടത്തിയോ എന്ന കാര്യമാണ് പൊലീസ് പരിശോധിക്കുന്നത്. പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പരാതികൾ ഗൗരവമായി പരിശോധിക്കുകയാണെന്നും എൻടിഎ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ ഇതിനോടകം തന്നെ ചിലർ പിടിയിലായിട്ടുണ്ട്. ഇവരിൽ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!