മകൻ മയക്കുമരുന്നിന്
അടിമ, ഒടുവിൽ
വാടകക്കൊലയാളിയെ
വിട്ട് മകനെ
കൊലപ്പെടുത്തി

അംരോഹ : ലഹരിക്ക് അടിമയായി വീട്ടിൽ നരകം തീർത്ത യുവാവിനെ സ്വന്തം കുടുംബം ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ഷാംപുർ സ്വദേശിയായ ദുഷ്യന്ത് ആണ് കൊല്ലപ്പെട്ടത്. മകനെ വകവരുത്താൻ അമ്മയുടെ സ്വർണം പണയം വെച്ചാണ് കുടുംബം പണം കണ്ടെത്തിയത്.

ദിദോലി കോട്‌വാലി പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഷാംപുർ ഗ്രാമത്തിലെ ഒരു കനാലിന് സമീപത്തുനിന്ന് കഴിഞ്ഞദിവസമാണ് ദുഷ്യന്തിന്റെ മൃതദേഹം കണ്ടെടുത്തത്. മൃതശരീരത്തിൽ രക്തത്തിന്റെ പാടുകളുമുണ്ടായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകളിലേക്ക് നയിച്ചത്.

ദീർഘകാലമായി ദുഷ്യന്ത് മയക്കുമരുന്നിന് അടിമയായിരുന്നു. ഇയാൾ ബന്ധുക്കളെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. മാത്രമല്ല വീട്ടിൽ നിരന്തരം ഭയംനിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. സഹിക്കാനാകാത്ത സാഹചര്യത്തിലേക്ക് തങ്ങൾ എത്തിപ്പെട്ടതായി ദുഷ്യന്തിന്റെ മാതാപിതാക്കളും സഹോദരങ്ങളും പോലീസിനോട് പറഞ്ഞു.

തുടർന്നാണ് കുടുംബം ജോളി എന്ന് അറിയപ്പെടുന്ന വാടകക്കൊലയാളിയെ സമീപിച്ചത്. ദുഷ്യന്തിനെ കൊലപ്പെടുത്തുന്നതിന് പകരമായി അഞ്ചുലക്ഷം രൂപയാണ് നൽകിയത്. ദുഷ്യന്തിന്റെ അമ്മ അവരുടെ സ്വർണം പണയം വെച്ചാണ് ഈ തുക കണ്ടെത്തിയത്. കൊല നടത്തുന്നതിന് മുൻപേ 55,000 രൂപ കൊലയാളിക്ക് നൽകുകയും ചെയ്തിരുന്നു.

സംഭവത്തിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ദുഷ്യന്തിന്റെ അച്ഛന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും എഎസ്പി അഖിലേഷ് ഭദോരിയ പറഞ്ഞു. കൊല നടത്തിയ ആൾക്കു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. അന്വേഷണത്തിൽ ദുഷ്യന്തിന്റെ സഹോദരനും കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയിലെ പങ്കാളിത്തം സമ്മതിച്ചു. ഇയാളും പോലീസിന്റെ കസ്റ്റഡിയിലാണ്. വാടകക്കൊലയാളിയായ ജോളിയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!