മൊബൈൽ റീചാർജ് തർക്കം മർദനത്തിൽ കലാശിച്ചു; കേരള കോൺഗ്രസ് നേതാവിന്റെ മരണത്തിൽ മകൻ അറസ്റ്റിൽ…

ആറ്റിങ്ങൽ : കേരള കോൺഗ്രസ് (സ്കറിയ) നേതാവ് കോരാണി സനിലിന്റെ (65) മരണവുമായി ബന്ധപ്പെട്ട കേസിൽ മകൻ ബാലഗോപാൽ (34) അറസ്റ്റിൽ. മർദനത്തിലേറ്റ പരുക്കുകളാണ് സനിലിന്റെ മരണത്തിന് കാരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആറ്റിങ്ങൽ പൊലീസ് നടപടി സ്വീകരിച്ചത്.

ഗുരുതരമായി പരുക്കേറ്റ് ഒരാഴ്ചയിലേറെയായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സനിൽ ഇന്നലെ രാവിലെയാണ് മരിച്ചത്.

തിരുവനന്തപുരം ആറ്റിങ്ങൽ പാലസ് റോഡിലെ ശ്രീലക്ഷ്മി എന്ന വാടകവീട്ടിലായിരുന്നു സനിലും മകൻ ബാലഗോപാലും താമസിച്ചിരുന്നത്. ഒരാഴ്ച മുൻപ് വീട്ടിൽ അബോധാവസ്ഥയിൽ കിടക്കുന്ന സനിലിനെ ജോലിക്കാരിയാണ് ആദ്യം കണ്ടത്.

വിവരം ലഭിച്ചതിനെ തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. താമസസ്ഥലത്ത് വീണ് പരുക്കേറ്റതാണെന്നാണ് അന്ന് ആശുപത്രിയിൽ അറിയിച്ചിരുന്നത്.

എന്നാൽ സനിലിന്റെ മരണവുമായി ബന്ധപ്പെട്ട് സംശയം ഉയർന്നതോടെ അദ്ദേഹം അംഗമായിരുന്ന ഹോട്ടൽ അസോസിയേഷൻ പ്രവർത്തകർ ആറ്റിങ്ങൽ പൊലീസിനെ സമീപിച്ചു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും ജോലിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയും ചെയ്തു.

ആശുപത്രിയിൽ ചികിത്സയിലായിരുന്ന സനിലിനെ പരിചരിച്ചിരുന്നത് മകൻ ബാലഗോപാലായിരുന്നു. സനിൽ മരിച്ചെന്ന വിവരം ലഭിച്ചതിനു പിന്നാലെ ആശുപത്രിയിലെത്തിയ പൊലീസ് ബാലഗോപാലിനെ കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടത്തിൽ മർദനത്തെ തുടർന്നുണ്ടായ പരുക്കുകളാണ് മരണകാരണമെന്ന് വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തി.

തുടർന്ന് പ്രതിയെ താമസസ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി. കോടതിയിൽ ഹാജരാക്കിയ ബാലഗോപാലിനെ റിമാൻഡ് ചെയ്തു.

മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചനയെന്ന് പൊലീസ് അറിയിച്ചു.

സനിലിന്റെ തലയുടെ വലതുഭാഗത്ത് ഗുരുതരമായ പരുക്കുണ്ടായിരുന്നു. അഞ്ച് വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലായിരുന്നുവെന്നും കഴുത്തിലും പരുക്കേറ്റിരുന്നുവെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചതായി പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!