‘എവര്‍ഗ്രീന്‍’ ഭുവി, ക്രുണാലിന്റെ ഒറ്റയാൾ പോരാട്ടം! പ്ലേ ഓഫിലേക്ക് അടുത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

റായ്പുര്‍: ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ അവസാനവട്ടം പൊരുതിയിട്ടും വിജയിക്കാനാകാതെ മുംബൈ ഇന്ത്യന്‍സ്. ത്രില്ലര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു മുംബൈയെ തകര്‍ത്ത് 2 വിക്കറ്റിന്റെ ജയം പിടിച്ചെടുത്തു. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. ആര്‍സിബി 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് കണ്ടെത്തിയാണ് വിജയം പിടിച്ചത്. അവസാന പന്തിലാണ് ആര്‍സിബി ജയം സ്വന്തമാക്കിയത്.തോല്‍വി മുംബൈയുടെ പ്ലേ ഓഫ് സാധ്യതകളുടെ വഴി ഏതാണ്ട് അടച്ചു. ആര്‍സിബി പ്ലേ ഓഫിലേക്ക് കൂടുതല്‍ അടുക്കുകയും ചെയ്തു. അവര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തുമെത്തി.

മുന്‍നിര തകര്‍ന്നപ്പോള്‍ അഞ്ചാമമായി ക്രീസിലെത്തിയ ക്രുണാല്‍ പാണ്ഡ്യയുടെ അര്‍ധ സെഞ്ച്വറിയാണ് ആര്‍സിബിയെ ജയത്തിന്റെ വക്കിലെത്തിച്ചത്. പിന്നീട് താരം പുറത്തായതോടെ ആര്‍സിബി വീണ്ടും സമ്മര്‍ദ്ദത്തിലായി. ഒടുവില്‍ ഭുവനേശ്വര്‍ കുമാറും രസിക് സലാമും ചേര്‍ന്നാണ് ആര്‍സിബിക്ക് ജയം സമ്മാനിച്ചത്.

ക്രുണാല്‍ 5 സിക്‌സും 4 ഫോറും സഹിതം 73 റണ്‍സ് അടിച്ചെടുത്തു. ജേക്കബ് ബേതേലാണ് പൊരുതിയ മറ്റൊരു ബാറ്റര്‍. താരം 26 റണ്‍സെടുത്തു. ജിതേഷ് ശര്‍മ 12 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 18 റണ്‍സെടുത്തു നിര്‍ണായക സംഭാവന നല്‍കി. രസിക് സലാം 3 റണ്‍സുമായും ഭുവനേശ്വര്‍ കുമാര്‍ 2 പന്തില്‍ 7 റണ്‍സുമായും പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിനു കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. 4 ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ എവര്‍ഗ്രീന്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തുകള്‍ തീ തുപ്പിയപ്പോള്‍ മുംബൈ ബാറ്റിങിനു കാര്യമായ ഗ്രിപ്പ് കിട്ടിയില്ല.

57 റണ്‍സെടുത്ത തിലക് വര്‍മയാണ് ടോപ് സ്‌കോറര്‍. താരം 42 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതമാണ് അര്‍ധ സെഞ്ച്വറി കടന്നത്. നമാന്‍ ധിര്‍ 32 പന്തില്‍ 2 സിക്‌സും 5 ഫോറും സഹിതം 47 റണ്‍സെടുത്തു. രോഹിത് ശര്‍മ 10 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 22 റണ്‍സെടുത്തു മികച്ച തുടക്കമിട്ടു മടങ്ങി. മറ്റാരും കാര്യമായി തിളങ്ങാഞ്ഞത് മുംബൈക്ക് തിരിച്ചടിയായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!