അഫ്ഗാനിസ്ഥാനെ തളച്ച് ഇന്ത്യ; 47 റൺസ് ജയം, തിളങ്ങി സൂര്യയും ബുംറയും

ബ്രിഡ്ജ്ടൗണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ ഒതുക്കി ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം. 47 റൺസിനാണ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് 20 ഓവറില്‍ 134 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ബാറ്റിങ്ങില്‍ സൂര്യകുമാര്‍ യാദവും ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരും ഇന്ത്യക്കായി തിളങ്ങി.

ജസ്പ്രീത് ബുമ്രയും അർഷ്ദീപ് സിങ്ങും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. കുൽദീപ് യാദവ് രണ്ടും അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ താരങ്ങൾക്ക് യാതൊരു സാധ്യതയും അനുവദിക്കാത്തതരത്തിൽ ഇന്ത്യൻ ബോളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റു വീഴ്ത്തി.11 ഓവര്‍ പിന്നിട്ടപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് എന്ന നിലയിലേക്ക് അഫ്‌ഗാനിസ്താൻ കൂപ്പുകുത്തിയിരുന്നു.

അസ്മത്തുള്ള ഒമര്‍സായ് (20 പന്തില്‍ 26) ആണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഇബ്രാഹിം സദ്രാന്‍ (11 പന്തില്‍ 8), ഗുലാബ്ദിന്‍ നാഇബ് (21 പന്തില്‍ 17), നജീബുള്ള സദ്രാന്‍ (17 പന്തില്‍ 19), മുഹമ്മദ് നബി (14), റാഷിദ് ഖാന്‍ (6 പന്തില്‍ 2), നൂര്‍ അഹ്‌മദ് (12), നവീനുല്‍ ഹഖ് (പൂജ്യം), ഫസല്‍ഹഖ് ഫാറൂഖി (4*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സമ്പാദ്യം.

ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ 90 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായ അവസ്ഥയിലായിരുന്നു. അഞ്ചാം വിക്കറ്റില്‍ സൂര്യകുമാര്‍- ഹര്‍ദിക് സഖ്യമാണ് കളി തിരികെ പിടിച്ചത്. 28 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം സൂര്യകുമാര്‍ 53 റണ്‍സ് കണ്ടെത്തി. ഈ ലോകകപ്പില്‍ താരം നേടുന്ന രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയാണിത്. ഹര്‍ദിക് 24 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 32 റണ്‍സും കണ്ടെത്തി. അക്ഷര്‍ പട്ടേല്‍ ആറ് പന്തില്‍ 12 റണ്‍സുമായി മടങ്ങി.

അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാന്റെ ബൗളിങാണ് ഇന്ത്യന്‍ ബാറ്റര്‍മാരെ തുടക്കത്തില്‍ കുഴക്കിയത്. നാലോവറില്‍ 26 റണ്‍സ് വഴങ്ങി താരം മൂന്ന് വിക്കറ്റുകള്‍ സ്വന്താക്കി. ഫസര്‍ഹഖ് ഫാറൂഖിയാണ് പിന്നീട് ഇന്ത്യയെ വെള്ളം കുടിപ്പിച്ചത്. താരവും മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. നവീന്‍ ഉള്‍ ഹഖ് ഒരു വിക്കറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!