കൊല്ലം ചിതറയിൽ വാടകത്തർക്കത്തെ തുടർന്ന് വർഷങ്ങളായി താമസിച്ചുവരുന്ന വീടും കടയും ഉടമകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തി. അബ്ദുൽ വാഹിദും സുഹറാ ബീവിയും ദീർഘകാലമായി താമസിച്ചു വന്നിരുന്ന കടയോട് കൂടിയ വീടാണ് യാതൊരു ദാക്ഷിണ്യവുമില്ലാതെ തകർത്തു കളഞ്ഞത്.
വാടകക്കാരും ഉടമകളും തമ്മിൽ ഈ വിഷയത്തിൽ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് പരാതിയുമായി ദമ്പതികൾ പൊലീസ് സ്റ്റേഷനിൽ പോയത്. ഈ സമയം നോക്കി അൻവർ, ദിൽവർ എന്നിവരുടെ നേതൃത്വത്തിലാണ് വീട് പൂർണ്ണമായി തകർത്തതെന്ന് ഇവർ ആരോപിക്കുന്നു.
വീട് പൂർണ്ണമായും നിലംപൊത്തിയതോടെ ഇവർ ധരിച്ചിരുന്ന വസ്ത്രങ്ങളും മറ്റ് അവശ്യ വീട്ടുസാധനങ്ങളും അടക്കം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്ത അവശിഷ്ടങ്ങൾക്കിടയിൽ പെട്ടുപോയിരിക്കുകയാണ്. സംഭവത്തിൽ ദമ്പതികളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
