തിരുവനന്തപുരം: കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളിൽ മുസ്ലിം ലീഗ് ഇടപെടുന്നതിനെതിരെ കടുത്ത വിമർശനവുമായി മാത്യു കുഴൽനാടൻ. മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും, തിരിച്ച് അങ്ങനെയൊരു മര്യാദ ലീഗും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായ ആക്രമണങ്ങൾ നേരിട്ടപ്പോഴെല്ലാം ലീഗിനൊപ്പം കോൺഗ്രസ് ഉണ്ടായിരുന്നു. മുന്നണി എന്ന നിലയിൽ പരസ്പര ധാരണയോടെയാണ് മുന്നോട്ട് പോകേണ്ടത്. കോൺഗ്രസിൽ അഭിപ്രായ ഭിന്നതകളില്ല. പാർട്ടി തീരുമാനിക്കുന്ന ആൾ മുഖ്യമന്ത്രിയാകും. ഏറ്റവും നീതിയുക്തവും ജനാധിപത്യപരവുമായ തീരുമാനമാകും ഹൈക്കമാൻഡ് കൈക്കൊള്ളുക. ചരിത്ര വിജയം ആരും മറക്കരുത്. ഈ സാഹചര്യത്തിൽ ഐക്യത്തോടെ നീങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസ് നിയമസഭാ കക്ഷിയോഗം (CLP Meeting) കെപിസിസി ആസ്ഥാനത്ത് ഉടൻ ആരംഭിക്കും. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൽ വാസ്നിക്കും 63 എംഎൽഎമാരെയും നേരിട്ട് കണ്ട് അഭിപ്രായം തേടും. മുതിർന്ന നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും ഇവർ കൂടിക്കാഴ്ച നടത്തുന്നുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഏകവരി പ്രമേയം യോഗം പാസാക്കും. നിരീക്ഷകർ ഡൽഹിയിൽ മടങ്ങിയെത്തി സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും റിപ്പോർട്ട് നൽകിയ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ഞായറാഴ്ചയോടെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന് വ്യക്തമാകും.
