ലക്നൗ: ദേശീയ ഗാനത്തെയും, ദേശീയ ഗീതത്തെയും (വന്ദേമാന്തരം), രാജ്യത്തെ മഹദ് വ്യക്തികളെയും, ചിഹ്നങ്ങളെയും ആദരിക്കാത്തവർക്ക് ഇന്ത്യയിൽ ജീവിക്കാനുള്ള അവകാശമില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ദേശീയഗാനത്തെയും വന്ദേമാതരത്തെയും അനാദരിക്കുന്നവർക്ക് ശിക്ഷ ഉറപ്പാക്കിയ പ്രധാനമന്ത്രിയുടെ നടപടി സ്വാഗതാർഹ മെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ബിജെപി നടത്തുന്ന തിരംഗാ യാത്രയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഈ പരാമർശം.
‘ഹർ ഘർ തിരംഗ’ യജ്ഞത്തിന്റെ ഭാഗമായാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ തിരംഗാ യാത്ര ആരംഭിച്ചത്. ബ്രിട്ടിഷ് ഭരണത്തിനെതിരെ 1925ൽ നടന്ന കകോരി ട്രെയിൻ തടയൽ സംഭവത്തിന്റെ 101–ാം വാർഷികത്തിലാണ് തിരംഗാ യാത്ര സംഘടിപ്പിച്ചത്.
ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷന്റെ നേതൃത്വത്തിൽ റാം പ്രസാദ് ബിസ്മിൽ, ഠാക്കൂർ റോഷൻ സിങ്, അഷ്ഫഖുല്ല ഖാൻ എന്നിവരുടെ നേതൃത്വത്തിൽ 1925 ഓഗസ്റ്റ് 9 നാണ് ട്രെയിൻ തടഞ്ഞ് ആയുധങ്ങൾ പിടിച്ചെടുത്തത്. ഈ വിപ്ലവകാരികളെ 1927 ൽ ബ്രിട്ടിഷ് സർക്കാർ തൂക്കിക്കൊന്നു. ബ്രിട്ടിഷ് ഭരണത്തിന്റെ അടിത്തറ ഇളക്കിയ സംഭവമാണ് കകോരി ട്രെയിൻ തടയലെന്നു യോഗി ആദിത്യനാഥ് അനുസ്മരിച്ചു.
