“തോൽവിക്ക് കാരണം പിണറായി വിജയൻ മാത്രം, പ്രതിപക്ഷ നേതാവാകരുത്” സെബാസ്റ്റ്യൻ പോൾ

കൊച്ചി : ഇടതുപക്ഷത്തിന് ഇത്തവണ നേരിട്ട കനത്ത തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സെബാസ്റ്റ്യൻ പോൾ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വോട്ട് ചോദിച്ചത് ഒരു മുന്നണിക്കോ പാർട്ടിക്കോ വേണ്ടിയല്ല, മറിച്ച് ഒരു വ്യക്തിക്ക് വേണ്ടിയായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. പിണറായി വിജയന്റെ ഏകാധിപത്യ സ്വഭാവമാണ് പരാജയത്തിന് വഴിതെളിച്ചത്. പാർട്ടിയുടെ യാതൊരു നിയന്ത്രണവുമില്ലാതെ പിണറായിക്ക് സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കാൻ അവസരം നൽകിയത് വലിയ തെറ്റായിരുന്നു. കോടിയേരി ബാലകൃഷ്ണന് ശേഷം പാർട്ടി സെക്രട്ടറി ഉണ്ടോ എന്ന് പോലും സംശയിക്കുന്ന അവസ്ഥയാണ്.

ഒരു മുഖ്യമന്ത്രിക്ക് ചേർന്ന ഭാഷയല്ല പിണറായി വിജയന്റേത്. “വീട്ടിൽ പോയി ചോദിക്ക്” തുടങ്ങിയ പ്രയോഗങ്ങൾ ജനങ്ങൾ അംഗീകരിക്കില്ലെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. വാക്കുകളിൽ മിതത്വം പാലിക്കാൻ പോലും പാർട്ടി അദ്ദേഹത്തോട് ആവശ്യപ്പെട്ടില്ല. കഴിഞ്ഞ 10 വർഷത്തെ ഭരണം മോശമായിരുന്നു എന്ന് തനിക്ക് അഭിപ്രായമില്ല. എന്നാൽ ചോദ്യം ചെയ്യപ്പെടാത്ത അധികാരത്തിന്റെ ഉടമയായി ഇരുന്ന മുഖ്യമന്ത്രിയുടെ അമിതാധികാര ഭാവമാണ് ജനങ്ങളെ ഇടതുപക്ഷത്തിന് എതിരെ ചിന്തിപ്പിച്ചത്. പ്രതിപക്ഷത്ത് ഒരു ന്യൂനപക്ഷത്തിന്റെ നേതാവായി ഇരിക്കാൻ പിണറായി വിജയൻ തയ്യാറാകുമെന്ന് താൻ കരുതുന്നില്ലെന്നും അതിനാൽ അദ്ദേഹം പ്രതിപക്ഷ നേതാവാകരുതെന്നും സെബാസ്റ്റ്യൻ പോൾ അഭിപ്രായപ്പെട്ടു.

ചോദ്യങ്ങൾ കേൾക്കുന്ന, സ്വയം നവീകരിക്കുന്ന ഒരു സിപിഎം ഉണ്ടായെങ്കിൽ മാത്രമേ ബംഗാൾ കേരളത്തിൽ ആവർത്തിക്കാതിരിക്കൂ. മമതയെ പുറത്താക്കിയിട്ടും ജനങ്ങൾ സ്വീകരിച്ചത് സിപിഐ എം നെ അല്ല, ബിജെപി യെ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!