പുതുപ്പള്ളി പെരുന്നാള്‍: പൊന്നിന്‍കുരിശ് പ്രതിഷ്ഠ ഇന്ന്…

കോട്ടയം : പുതുപ്പള്ളി സെന്റ് ജോര്ജ് ഓര്ത്തഡോക്സ് വലിയ പള്ളിയിലെ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോടനുബന്ധിച്ചുള്ള വലിയ പെരുന്നാൾ നാളെ. ചരിത്ര പ്രസിദ്ധമായ വിറകിടീൽ ഘോഷയാത്രയും പന്തിരുനാഴി പുറത്തെടുക്കലും ഇന്നു നടക്കും.

നാളെ പുലർച്ചെ 12നു രാത്രി നമസ്കാരത്തിനുശേഷം വെച്ചൂട്ടിനുള്ള അരിയിടൽ ചടങ്ങ് നടക്കും. രാവിലെ 5.30നു വിശുദ്ധ കുർബാന ഫാ.കെ.എം. സഖറിയ കൂടത്തിങ്കൽ. 8.30നു വിശുദ്ധ ഒമ്പതിന്മേൽ കുർബാനയ്ക്കു ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കതോലിക്ക ബാവാ മുഖ്യകാര്മികത്വം വഹിക്കും. യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത, ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത, ഫാ.പി.ജെ. ജോസഫ് പാലയ്ക്കപ്പറമ്പിൽ, ഫാ. ഫിലിപ്പ് വർഗീസ് താഴത്ത്, ഫാ. ഫിലിപ്പ് കെ. പോൾ കൊച്ചുകുറ്റിക്കൽ, ഫാ. മാര്ക്കോസ് ജോണ് പാറയിൽ, ഫാ. യാക്കോബ് മാത്യു പുത്തന്പറമ്പില്, ഫാ. ഏബ്രഹാം തോമസ് ആമക്കാട്ട് എന്നിവർ സഹകാർമികത്വം വഹിക്കും. 11ന് ശ്ലൈഹീക വാഴ്വ്, 11.15നു വടക്കേ പന്തലില് വെച്ചൂട്ട് നേർച്ച സദ്യ, കുട്ടികൾക്കുള്ള ആദ്യ ചോറൂട്ട്, ഉച്ചകഴിഞ്ഞു രണ്ടിനു പെരുന്നാൾ പ്രദക്ഷിണം, വൈകുന്നേരം നാലിനു നേർച്ച വിളമ്പ്, 5.30നു സന്ധ്യാനമസ്കാരം.

ഇന്നു രാവിലെ 8.30നു വിശുദ്ധ അഞ്ചിന്മേൽ കുർബാനയ്ക്കു ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. ജോസഫ് റമ്പാന്, മത്തായി റമ്പാൻ, ഫാ.ഡോ. ഗീവര്ഗീസ് റമ്പാൻ, അപ്രേം റമ്പാൻ എന്നിവർ സഹകാര്മികത്വം വഹിക്കും. തുടര്ന്നാണ് ചരിത്രപ്രസിദ്ധമായ പൊന്നിൻകുരിശ് മദബഹായിൽ പ്രതിഷ്ഠിക്കും.

ഉച്ചകഴിഞ്ഞു രണ്ടിനു വിറകീടില് ഘോഷയാത്ര. പുതുപ്പള്ളി, എറികാട്, കരകളില് നിന്നുമാണ് പള്ളിയിലേക്കു വിറകിടീല് ഘോഷയാത്ര നടക്കുന്നത്. നാലിനു വിറകിടീല് നടക്കും. അതിനുശേഷം പന്തിരുനാഴി ആഘോഷപൂര്വം പുറത്തെടുക്കും. 5.30നു പെരുന്നാള് സന്ധ്യനമസ്കാരം ഡോ. യൂഹാനോന് മാര് ദീയസ്കോറോസ് മെത്രാപ്പോലീത്ത മുഖ്യകാര്മികത്വം വഹിക്കും. രാത്രി ഏഴിനു യാക്കോബ് റമ്പാന് വിശുദ്ധ ഗീവര്ഗീസ് സഹദാ അനുസ്മരണ പ്രഭാഷണം നടത്തും. 7.30നു പ്രദക്ഷിണം.

ഇന്നലെ വിവിധ കരകളില്നിന്നു പുതുപ്പള്ളി പുണ്യാളന്റെ മാധ്യസ്ഥ്യം തേടി വിശ്വാസികള് പുതുപ്പള്ളി തീര്ഥാടനം നടത്തി. നിരവധി വിശ്വാസികളാണ് മുത്തുക്കുടകളും കുരിശും വഹിച്ചാണു പള്ളിയിലേക്കു തീര്ഥാടനമായി എത്തിയത്. തിരുനാളിനോടനുബന്ധിച്ചുള്ള ദീപക്കാഴ്ച ഇന്നു നടക്കും. പുതുപ്പള്ളി കവല ചുറ്റിയുള്ള പ്രദക്ഷിണത്തിനു മുന്നോടിയായ പള്ളിയുടെ മുന്നിലുള്ള വിശാലമായ പാടം ദീപങ്ങളാല് നിറയും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!