വർക്കല : പിന്നോക്ക സമുദായത്തിന് പ്രാതിനിധ്യം നൽകണമെന്ന ആവശ്യവുമായി ശിവഗിരി മഠം. മന്ത്രിസഭയിലും പേഴ്സണൽ സ്റ്റാഫുകൾക്കുമിടയിലും പിന്നോക്ക ദലിത് വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം നൽകണമെന്ന് ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം പ്രസിഡൻറ് സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു. ശിവഗിരി മഠത്തിന് പ്രത്യേകമായി ഒരു രാഷ്ട്രീയ കക്ഷിയോടും താൽപര്യമില്ലെന്നും സച്ചിദാനന്ദ സ്വാമികൾ പ്രതികരിച്ചു.
‘ജനപ്രതിനിധികളായ സമുദായ പ്രാതിനിധ്യം ലഭിക്കാത്തവർക്ക് പ്രത്യേക പരിഗണന നൽകണം. ഏതെങ്കിലും ജാതിമത വിഭാഗങ്ങൾക്ക് മന്ത്രിസഭയിൽ അമിത പ്രാതിനിധ്യം നൽകരുത്. മുൻവർഷങ്ങളെ അപേക്ഷിച്ച് മഠത്തിൻ്റെ ഇടപെടൽ കൊണ്ടുമാത്രം പിന്നോക്ക ജനവിഭാഗങ്ങൾക്ക് ഒരു പരിധിവരെ എങ്കിലും തെരഞ്ഞെടുപ്പിൽ നീതി കൈവരിക്കുവാൻ സാധിച്ചിട്ടുണ്ട്. പ്രധാന മുന്നണികളിലും ഈ നില കാണാനാകും’. സച്ചിദാനന്ദ സ്വാമികൾ കൂട്ടിച്ചേർത്തു.
മന്ത്രിസഭയിലും പേഴ്സണൽ സ്റ്റാഫിലും പിന്നോക്ക സമുദായത്തിന് പ്രാതിനിധ്യം നൽകണം: ശിവഗിരിമഠം
