‘വൈഭവിന് പ്രൊഫഷണലിസം ഇല്ല; കുട്ടികൾക്ക് ഐസ്ക്രീം അല്ലാതെ പിന്നെന്ത് വേണം’; പറഞ്ഞ് കുടുങ്ങി ആര്‍സിബി താരം ജിതേഷ് ശര്‍മ

ബംഗളൂരു : രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്ലില്‍ മാരക ഫോമില്‍ ബാറ്റ് വീശുന്ന വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി ഒട്ടും പ്രൊഫഷണലല്ലെന്നു ബംഗളൂരു താരം ജിതേഷ് ശര്‍മ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. താരം പ്രൊഫഷണലല്ലെന്നു ജിതേഷ് പറഞ്ഞത് പക്ഷേ ചില ആരാധകര്‍ക്ക് രസിച്ചില്ല. ജിതേഷിന്റെ വാക്കിനെ വിമര്‍ശിച്ച് അവര്‍ രംഗത്തെത്തി. എബി ഡിവില്ല്യേഴ്‌സിന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കവേയാണ് ജിതേഷ് വൈഭവിനെക്കുറിച്ച് പറഞ്ഞത്.

വിവാദമായ വാക്ക് ജിതേഷ് പക്ഷേ പോസിറ്റീവായാണ് പറയുന്നത്. വൈഭവിന്റെ പ്രായവും ആ പ്രായത്തിലുള്ള താരങ്ങള്‍ക്കുള്ള ബാല ചാപല്യങ്ങളുമാണ് അദ്ദേഹം ഡിവില്ല്യേഴ്‌സുമായി പങ്കിടുന്നത്. തന്റെ ഇളയ സഹോദരന്റെ സ്ഥാനമാണ് വൈഭവിനെന്നും തങ്ങള്‍ തമ്മില്‍ നല്ല അടുപ്പമുണ്ടെന്നും താരം വിഡിയോയില്‍ പറയുന്നു.

അടുത്ത ഇന്ത്യന്‍ സ്റ്റാര്‍ ആകുമെന്നു അല്ലെങ്കില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുമെന്നു താങ്കള്‍ വിചാരിക്കുന്ന ഒരു യുവ താരം ആരാണ് എന്നതായിരുന്നു ഡിവില്ല്യേഴ്‌സിന്റെ ചോദ്യം. പെട്ടെന്നു വരുന്ന ഉത്തരം വൈഭവിന്റേതാണെന്നു ജിതേഷ് പറയുന്നു. എന്തുകൊണ്ടാണ് വൈഭവ് എന്നും ഡിവില്ല്യേഴ്‌സ് ചോദിക്കുന്നു.

‘ആദ്യം വരുന്ന പേര് വൈഭവ് സൂര്യവംശിയുടേതാണ്. ടെക്‌നിക്ക്, മനോഭാവം, കഠിനാധ്വാനം ഇത് മൂന്നും വൈഭവിനു ആവോളമുണ്ട്. ആ പ്രൊഫഷണലിസം നമുക്ക് മൈതാനത്തു കാണാം. എന്നാല്‍ സ്വകാര്യ ജീവിതത്തില്‍ അങ്ങനെ അല്ല. ഒട്ടും പ്രൊഫഷണലിസമില്ല.’

‘ഞാന്‍ അവന്റെ പ്രായം അനുസരിച്ചുള്ള ആക്ടിവിറ്റിയെക്കുറിച്ചാണ് പറഞ്ഞത്. ആ അര്‍ഥത്തിലാണ് അവന്‍ പ്രൊഫഷണലല്ല എന്നു പറഞ്ഞത്. 15കാരനായ അവന് ഐസ്‌ക്രീം കഴിക്കാനും കാര്‍ട്ടൂണ്‍ കാണാനുമൊക്കെയാണ് ഇപ്പോഴും അധിക താത്പര്യമുള്ളത്. എല്ലാ കൗമാരക്കാരേയും പോലെ തന്നെയാണ് അവന്‍.’

‘അവന് ഐസ്‌ക്രീം വലിയ ഇഷ്ടമാണ്. എന്റെ മുറിയിലേക്ക് വന്ന് അവന്‍ എനിക്കൊപ്പം ഇരുന്ന് ഐസ്‌ക്രീം കഴിക്കും. ഞാന്‍ ഐസ്‌ക്രീം കഴിക്കാറില്ല. എനിക്കൊപ്പം ഇരുന്ന് അവന്‍ കഴിക്കും. ഒരു കുട്ടിക്ക് ഐസ്‌ക്രീം അല്ലാതെ മറ്റെന്താണ് വേണ്ടത്.’

‘എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് വൈഭവ്. ഞങ്ങള്‍ തമ്മില്‍ ഏറെ അടുപ്പമുണ്ട്. എനിക്ക് എന്തും വിളിക്കാനുള്ള സ്വാതന്ത്ര്യമുള്ള എന്റെ അനുജന്റെ സ്ഥാനത്താണ് വൈഭവ്. അവന്‍ ഇടയ്ക്ക് എന്റെ വീട്ടില്‍ വരാറുണ്ട്. എന്റെ ഭാര്യയുമായി സംസാരിക്കും. യുട്യൂബ് വിഡിയോകള്‍ കണ്ടിരിക്കും. ഞങ്ങള്‍ അത്ര അടുപ്പമുള്ളവരാണ്.’

‘മറ്റുള്ളവര്‍ എന്തു പറയുന്നു എന്നത് ഞാന്‍ കാര്യമാക്കുന്നില്ല. അവനില്‍ നിന്നു മുതിര്‍ന്ന താരങ്ങളുടെ പ്രൊഫഷണലിസം പ്രതീക്ഷിക്കേണ്ടതില്ല. അങ്ങനെ ഈ പ്രായത്തില്‍ പ്രൊഫഷണലായാല്‍ വൈഭവിനു ഇപ്പോള്‍ കളിക്കുന്നതു പോലെ കളിക്കാനും സാധിക്കില്ല. അതിനാല്‍ കുട്ടികളെ കുട്ടികളായി മാത്രം കാണണം.’

‘എനിക്ക് നന്നായി അറിയുന്ന ആളാണ് വൈഭവ്. അവന്‍ അവന്റെ ബാല്യം ആഘോഷിച്ചു തീര്‍ന്നിട്ടില്ല. നിനക്ക് 15 വയസ് മാത്രമേ ആയിട്ടുള്ളുവെന്നും ഇഷ്ടപ്പെട്ട ഐസ്‌ക്രീം കഴിച്ചും ടിവി കണ്ടും ബാറ്റിങില്‍ ശ്രദ്ധിച്ചും മുന്നോട്ടു പോകാനുമാണ് ഞാന്‍ അവനോടു പറഞ്ഞിട്ടുള്ളത്. അല്ലാതെ ഞാന്‍ അവനെ വിധിച്ചതല്ല. വൈഭവ് ആ അര്‍ഥത്തില്‍ സന്തോഷവാനായാണ് മുന്നോട്ടു പോകുന്നത്’- ജിതേഷ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!