ആനക്കലിയിൽ പിടഞ്ഞ് ഉത്സവപ്പറമ്പ്… അങ്കമാലിക്ക് പിന്നാലെ ഇരിങ്ങാലക്കുടയിലും പാപ്പാന് ദാരുണാന്ത്യം… ആനയെ തളച്ചു

തൃശൂർ: അങ്കമാലിയിലെ അപകടത്തിന് പിന്നാലെ സംസ്ഥാനത്തെ നടുക്കി വീണ്ടും ആനയുടെ അക്രമം. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞോടി രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. വഴുവാടി കാശിനാഥൻ എന്ന ആനയാണ് അക്രമാസക്തനായത്. ആനയുടെ രണ്ടാം പാപ്പനായ വടക്കഞ്ചേരി സ്വദേശി ശ്രീക്കുട്ടൻ (25) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. പരിക്കേറ്റ ഒന്നാം പാപ്പാൻ അമലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടൽമാണിക്യം ക്ഷേത്രത്തിലെ വിളക്കുത്സവത്തോടനുബന്ധിച്ചാണ് ആനയെ ഇരിങ്ങാലക്കുടയിൽ എത്തിച്ചത്. ബുധനാഴ്ച തന്നെ ആന ചെറിയ രീതിയിൽ ഇടഞ്ഞ ലക്ഷണങ്ങൾ കാണിച്ചിരുന്നു. തുടർന്ന് പാപ്പാൻമാർ ചേർന്ന് ആനയെ നിയന്ത്രിച്ച് ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലിൽ തളച്ചിരിക്കുകയായിരുന്നു.

ഇന്ന് ഉച്ചയോടെ വീണ്ടും ഇടഞ്ഞ ആന തളച്ചിരുന്ന പറമ്പിലെ താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു. ഇതിനിടെയാണ് ശ്രീക്കുട്ടൻ ആനയുടെ ചവിട്ടേറ്റത്. എലിഫന്റ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി ആനയെ തളച്ചു.

മണിക്കൂറുകളുടെ വ്യത്യാസത്തിൽ അങ്കമാലിയിലും ഇരിങ്ങാലക്കുടയിലുമായി രണ്ട് പാപ്പാൻമാർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഉത്സവ സീസണിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് വലിയ ആശങ്ക ഉയർത്തുന്നുണ്ട്. ചൂട് വർധിച്ച സാഹചര്യത്തിൽ ആനകൾക്ക് മതിയായ വിശ്രമവും പരിചരണവും ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!