ന്യൂഡൽഹി : എ ഐ സി സി ജനറൽ സെക്രട്ടറിയും ആലപ്പുഴ എം പിയുമായ കെ സി വേണുഗോപാലിനെ പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പി എ സി) അധ്യക്ഷനായി നിയമിച്ചു. ലോക്‌സഭാ സ്പീക്കർ ഓം ബിർളയാണ് ഇക്കാര്യം അറിയിച്ചത്.
2026 – 27 വർഷത്തേക്കാണ് നിയമനം. 15 ലോക്‌സഭാ എം പിമാരും ഏഴ് രാജ്യസഭാ എം പിമാരും അടക്കം 22 അംഗങ്ങളാണ് കമ്മിറ്റിയിലുണ്ടാകുക. നേരത്തെയും കെ സി വേണുഗോപാൽ ഈ ചുമതല വഹിച്ചിരുന്നു. പി. എ സി ചെയർമാൻ പദവിയിലെത്തുന്ന നാലാമത്തെ മലയാളിയായിരുന്നു കെ സി വേണുഗോപാൽ.
കേരളത്തിൽ നിന്ന് കെ സിക്ക് മുന്നേ ജോൺ മത്തായി (1948 – 49), സി എം സ്റ്റീഫൻ (1977 – 78), കെ വി തോമസ് (2014 – 16) എന്നിവരും പി എ സി അധ്യക്ഷരായിട്ടുണ്ട്. 1967 മുതൽ പ്രതിപക്ഷത്തിനാണ് പി എ സി അധ്യക്ഷസ്ഥാനം നൽകുന്നത്. കേരളത്തിൽ യു ഡി എഫ് വീണ്ടും അധികാരത്തിലേറിയാൽ മുഖ്യമന്ത്രി കസേരയിലേക്ക് കെ സി വേണുഗോപാൽ വരണമെന്ന് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും ആവശ്യം ശക്തമാക്കിയിരി ക്കുന്നതിനിടയിലാണ് പി എ സി ചെയർമാൻ പദവി വീണ്ടും അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമായി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾക്കൊപ്പമാണ് കെ സിയുടെ പേരും ‘മുഖ്യമന്ത്രി ചർച്ച’കളിൽ ഉയർന്നിരിക്കുന്നത്.
