വിവാഹത്തിൽ പങ്കെടുത്ത അതിഥികൾക്ക് സദ്യയ്ക്കൊടുവിൽ സമ്മാനമായി കാരുണ്യ ലോട്ടറിയും; വ്യത്യസ്തമായി തിരുവനന്തപുരത്തെ വിവാഹ സദ്യ

തിരുവനന്തപുരത്ത് വിവാഹത്തിൽ പങ്കെടുക്കാനെത്തിയ അതിഥികൾക്ക് സദ്യയ്ക്കൊപ്പം വിളമ്പിയത് ഒരു കോടിയുടെ ലോട്ടറി ടിക്കറ്റും. ബുധനാഴ്ച നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹസത്കാര ത്തിലാണ് ‌അതിഥികൾക്ക് ‘കോടിപതി’ ആവാനുള്ള സാധ്യതയും ഒരുക്കിയത്.

സദ്യക്കൊടുവിൽ സമ്മാനിച്ച ചെറിയ വെള്ളക്കവർ എല്ലാവരെയും ആദ്യം ഒന്ന്‌ അമ്പരിപ്പിച്ചു. സദ്യക്കിടെ അതു തുറന്നുനോക്കാൻ സാധിക്കാതെ കൗതുകം ഉള്ളിലൊതുക്കി. ഒടുവിൽ കൈകഴുകി കവർ തുറന്നുനോക്കിയപ്പോൾ കണ്ടത് വ്യാഴാഴ്ച നറുക്കെടുക്കുന്ന ഒരു കോടി രൂപ ഒന്നാം സമ്മാനമുള്ള കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ട് ടിക്കറ്റ്.

നഗരത്തിലെ പ്രമുഖ ബിൽഡറായ ഹെതർ ഹോംസ് ഉടമ മരുതുംകുഴി ‘കുടുംബ’ത്തിൽ എസ്.എം. രാജീവിന്റെയും സചിത്രയുടെയും മകൾ സമൃദ്ധിനിയും കരമന നെടുങ്കാട് ‘ശാന്തിശ്രീ’യിൽ സുരേഷ് തമ്പിയുടെയും സിന്ധുവിന്റെയും മകൻ പത്മനാഭൻ തമ്പിയും തമ്മിലുള്ള വിവാഹച്ചടങ്ങിൽ പങ്കെടുത്ത അതിഥികൾക്കാണ് ഈ അപൂർവസമ്മാനം ലഭിച്ചത്.

മുൻപ്, തന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തവർക്ക് ലോട്ടറി ടിക്കറ്റ് സമ്മാനിച്ചിരുന്നെന്ന് രാജീവ് പറഞ്ഞു. അന്ന് 50,000 രൂപ പലർക്കായി സമ്മാനം ലഭിച്ചു. വിവാഹച്ചടങ്ങിൽ നൽകാൻ ആറായിരത്തോളം ലോട്ടറി ടിക്കറ്റുകളാണ് രാജീവ് ഇക്കുറി വാങ്ങിയത്. പാവപ്പെട്ടവരുടെ ചികിത്സാ സഹായത്തിനായി തുടങ്ങിയ കാരുണ്യ ലോട്ടറിയുടെ ഉദ്ദേശ്യവും സമ്മാനമായി ഇതുനൽകുന്നതിന് പ്രേരകമായെന്ന് രാജീവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!