കുടുംബശ്രീ ഭക്ഷണങ്ങള്‍ ഇനി സൊമാറ്റോ വഴിയും

തിരുവനന്തപുരം : കുടുംബശ്രീ വനിതാ സംരംഭകര്‍ തയ്യാറാക്കുന്നഭക്ഷ്യ വിഭവങ്ങള്‍ ഇനി മുതല്‍ പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സംവിധാനമായ സൊമാറ്റോയിലൂടെയും ലഭ്യമാകും.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റുകള്‍, കുടുംബശ്രീ കാന്റീനുകള്‍, ജനകീയ ഹോട്ടലുകള്‍, കാറ്ററിങ്ങ് സര്‍വീസ് യൂണിറ്റുകള്‍ എന്നിവയാണ് സൊമാറ്റോയില്‍ ഉള്‍പ്പെടുത്തുക.

സെക്രട്ടറിയേറ്റ് ശ്രുതി ഹാളില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ, എക്സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എംബി രാജേഷിന്റെ സാന്നിധ്യത്തില്‍ ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍, സൊമാറ്റോ കേരള പ്രോഗ്രാം മാനേജര്‍ അല്‍ അമീന്‍ എന്നിവര്‍ കൈമാറി.

സൊമാറ്റോയുമായി സഹകരിക്കുന്നതിലൂടെ കുടുംബശ്രീയുടെ കീഴിലുള്ള പ്രീമിയം റെസ്റ്റോറന്റുകള്‍, കാന്റീന്‍ കാറ്റ്റിങ്ങ് യൂണിറ്റുകള്‍, ജനകീയ ഹോട്ടലുകള്‍ എന്നിവയ്ക്ക് ഭക്ഷ്യവിഭവങ്ങളുടെ വിപണനം ഊര്‍ജിതമാക്കുന്നതിനും അതുവഴി കൂടുതല്‍ വരുമാന ലഭ്യതയ്ക്കും അവസരമൊരുങ്ങും.

കുടുംബശ്രീ നല്‍കിയ ലിസ്റ്റ് പ്രകാരം സൊമാറ്റോയുടെ പ്രതിനിധികള്‍ നേരിട്ടെത്തി ഹോട്ടലുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാണ് ഇവയെ ഓണ്‍ബോര്‍ഡ് ചെയ്യാനുള്ള തീരുമാനം. ഒരിക്കല്‍ ഓണ്‍ബോര്‍ഡ് ചെയ്താല്‍ ഈ റെസ്റ്റൊറന്റുകള്‍ക്ക് സൊമാറ്റോ മര്‍ച്ചന്റ് ഡാഷ്ബോര്‍ഡിലേക്ക് പ്രവേശിക്കാനാകും.

സൊമാറ്റോയില്‍ ഉള്‍പ്പെടുത്തുന്ന കുടുംബശ്രീ പ്രീമിയം കഫേ റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള ഹോട്ടലുകളിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിശീലനം നല്‍കും. ഇതില്‍ ഓണ്‍ലൈന്‍ പ്ളാറ്റ്ഫോം വഴി ഓര്‍ഡര്‍ സ്വീകരിക്കുന്നത് കൂടാതെ ഭക്ഷണം പായ്ക്കു ചെയ്യുന്നതിലും സേവനങ്ങള്‍ മികച്ച രീതിയില്‍ ലഭ്യമാക്കുന്നതിലും സൊമാറ്റോയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!