നിതിൻ രാജിന്റെ മരണം… നാളെ സംസ്ഥാന വ്യാപക ഹർത്താൽ…52 ദളിത് സംഘടനകൾ പ്രതിഷേധത്തിൽ

തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് നാളെ സംസ്ഥാന വ്യാപക ഹർത്താൽ. 52 ദളിത് സംഘടനകൾ ചേർന്ന ആക്ഷൻ കൗൺസിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ പ്രതിഷേധത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേസിലെ ആരോപണവിധേയരായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി പരിഗണിച്ചിരുന്നു. ഡോ. സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഡോ. റാം ജാമ്യാപേക്ഷ കോടതി തള്ളി. ഡോ. റാമിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. നിതിൻ രാജിനെ പ്രിൻസിപ്പാളിന്റെ മുറിയിൽ വെച്ച് ചോദ്യം ചെയ്തപ്പോൾ റാമിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു എന്നത് കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, നിതിൻ രാജിനെതിരെ ജാതി അധിക്ഷേപം നടന്നതായി തെളിവില്ലെന്നും, ലോൺ ആപ്പുകാരുടെ ഭീഷണിയും തുടർന്നുണ്ടായ പരാതികളെക്കുറിച്ചുള്ള ഭയവുമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും കോടതി വിധിയിൽ പരാമർശമുണ്ട്. ഡോ. റാം ഇപ്പോൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. ഹർത്താലിന് മുന്നോടിയായി ഇന്ന് വൈകുന്നേരം തിരുവനന്തപുരം രക്തസാക്ഷി മണ്ഡപം മുതൽ ഗാന്ധി പാർക്ക് വരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കേസിൽ പ്രതികളായ അധ്യാപകർ ഒളിവിലാണെന്നും അവരെ ഉടൻ പിടികൂടണമെന്നുമാണ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം. വരും ദിവസങ്ങളിൽ പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!