മുണ്ടത്തിക്കോട് ദുരന്തം…തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി സതീശനും മരിച്ചു

തൃശ്ശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി വിഭാഗം വെടിക്കെട്ട് ലൈസൻസി സതീശൻ (മണി) അന്തരിച്ചു. ശരീരത്തിൽ നൂറ് ശതമാനവും പൊള്ളലേറ്റ നിലയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇതോടെ മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു.

പതിമൂന്ന് വർഷത്തിലേറെയായി വെടിക്കെട്ട് നിർമ്മാണ രംഗത്ത് സജീവമായിരുന്നു സതീശൻ. പിതാവ് മണിപാപ്പന്റെ പാത പിന്തുടർന്നാണ് സതീശൻ ഈ രംഗത്തേക്ക് കടന്നുവന്നത്. വർഷങ്ങളായി തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസൻസിയായിരുന്ന മണിപാപ്പന്റെ മരണശേഷം സതീശൻ ഈ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. ‘മണി ഫയർവർക്സ്’ എന്ന ലൈസൻസിലായിരുന്നു ഇവരുടെ പ്രവർത്തനം.

2024-ലെ തൃശ്ശൂർ പൂരത്തിന്റെ ആദ്യ സൗഹൃദ വെടിക്കെട്ട് ഒരുക്കിയത് സതീശനായിരുന്നു. തിരുവമ്പാടിക്കും പാറമേക്കാവിനും വേണ്ടി അന്ന് അദ്ദേഹം വിസ്മയം തീർത്തു. ഉത്രാളിക്കാവ്, കുറ്റിയങ്കാവ് പൂരങ്ങൾക്കും പ്രശസ്തമായ നെന്മാറ-വല്ലങ്ങി വേലയ്ക്കും വെടിക്കെട്ട് ഒരുക്കി സതീശൻ തന്റെ കൈവഴക്കം തെളിയിച്ചിട്ടുണ്ട്. ഇത്തവണ തിരുവമ്പാടി ദേവസ്വത്തിന് വേണ്ടി മാത്രമാണ് അദ്ദേഹം വെടിക്കെട്ട് ഒരുക്കിയിരുന്നത്.

ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കിയാണ് വെടിക്കെട്ട് ജോലികൾ പുരോഗമിച്ചിരുന്നതെന്ന് കൂടെയുണ്ടായിരുന്നവർ പറയുന്നു. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ സ്ഫോടനം സതീശന്റെ ജീവനെടുക്കുക യായിരുന്നു. തൃശ്ശൂരിലെയും സമീപ പ്രദേശങ്ങളിലെയും പ്രധാന പൂരങ്ങളുടെ അവിഭാജ്യ ഘടകമായിരുന്ന ഒരു വ്യക്തിയുടെ വിയോഗം വെടിക്കെട്ട് പ്രേമികളെയാകെ സങ്കടത്തിലാഴ്ത്തിയി രിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!