കോതമംഗലം: കുട്ടംപുഴയിൽ ചക്കയ്ക്കുള്ളിൽ സ്ഫോടകവസ്തു ഒളിപ്പിച്ച് കാട്ടുകൊമ്പനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിലായി. ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 65-കാരൻ ശശീന്ദ്രനെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ചക്ക കടിച്ചപ്പോൾ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റതും പിന്നീട് ചരിഞ്ഞതും.
കോതമംഗലം വെള്ളാരംകുത്ത് മേഖലയിലെ ഉന്നതിയിലാണ് നാടിനെ നടുക്കിയ ഈ ക്രൂരത നടന്നത്. ചക്കയ്ക്കുള്ളിൽ സ്ഫോടകവസ്തു നിറച്ച് വന്യമൃഗങ്ങളെ വേട്ടയാടാൻ വെച്ച കെണിയിൽ കാട്ടുകൊമ്പൻ അകപ്പെടുകയായിരുന്നു. ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ഉന്നതി സ്വദേശിയായ പൊട്ടനാനിക്കൽ വീട്ടിൽ ശശീന്ദ്രനാണ് കേസിൽ അറസ്റ്റിലായത്. കാട്ടുപന്നിയെയോ മറ്റ് വന്യമൃഗങ്ങളെയോ ലക്ഷ്യമിട്ട് തയ്യാറാക്കിയ കെണിയാണോ ഇതെന്നും വനംവകുപ്പ് അന്വേഷിക്കുന്നുണ്ട്.
ചക്ക കടിച്ചപ്പോൾ സ്ഫോടകവസ്തു വായയ്ക്കുള്ളിൽ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതുമൂലം താടിയെല്ലിനും വായയ്ക്കും ഗുരുതരമായി പരിക്കേറ്റ ആനയ്ക്ക് ദിവസങ്ങളോളം ഭക്ഷണം കഴിക്കാനായിരുന്നില്ല. ഒടുവിൽ പഴുപ്പും അണുബാധയും ബാധിച്ചാണ് ആന ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.
പ്രദേശത്ത് വന്യമൃഗങ്ങളെ കൊലപ്പെടുത്താൻ സ്ഫോടകവസ്തുക്കൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന പരാതിയെത്തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി വലയിലായത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. പിടിയിലായ ശശീന്ദ്രനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
