കുട്ടിക്കാനം (ഇടുക്കി): കഴിഞ്ഞ രണ്ട് ദിവസമായി മീഡിയകളിലൊന്നും പ്രതിപക്ഷ നേതാവിനെ കാണാനില്ല. ഊഹാപോഹങ്ങൾ നിരവധി ആയിരുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതിന് മുമ്പുതന്നെ അദ്ദേഹം രാഷ്ട്രീയ വനവാസത്തിന് പോയോ എന്നുപോലും പലരും അഭിപ്രായപ്പെട്ടു.
പക്ഷേ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എങ്ങും പോയിട്ടില്ല. അദ്ദേഹം കേരളത്തിൽ തന്നെയുണ്ട്. ആരും അല്പസമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ഇടുക്കിയിൽ, അതും നട്ടുച്ചയ്ക്ക് പോലും കോടമഞ്ഞ് മൂടുന്ന കുട്ടിക്കാനത്ത്. വി ഡി സതീശൻ ട്രെക്കിങ്ങ് നടത്തുന്നതിന്‍റേയും റിസോര്‍ട്ടില്‍ വിശ്രമിക്കുന്നതിന്‍റേയും വിഡിയോ ഇതിനകം പുറത്തുവന്നു.
കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയാ സെല്‍ കോ-ഓര്‍ഡിനേര്‍ താരാ ടോജോ അലക്‌സ് ആണ് വി ഡി സതീശന്‍റെ വിഡിയോ പുറത്തുവിട്ടത്. ‘വനത്തിലാണ്….വനവാസത്തിലല്ല,’ എന്നാണ് വിഡിയോ പങ്കുവച്ച് താര ടോജോ കുറിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മികച്ച വിജയം നേടിക്കൊടുക്കാനായില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന വെല്ലുവിളി വി ഡി സതീശന്‍ എറ്റെടുത്തിരുന്നു. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അധികാരം കിട്ടിയില്ലെങ്കിൽ അതിന്‍റെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്നും പൊതുപ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് കുട്ടിക്കാനത്തെ വിഡിയോക്ക് കമന്‍റുകളും ലഭിക്കുന്നത്.
തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്ക് ശേഷം കാടുകയറാന്‍ പോകുമെന്നും ഇടയ്ക്കിടെ ട്രെക്കിങ്ങിന് പോകാറുണ്ടെന്നും സതീശന്‍ പറഞ്ഞിരുന്നു. തിരക്കൊഴിഞ്ഞപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമാണ് സതീശന്‍ കുട്ടിക്കാനത്ത് അവധി ആഘോഷിക്കാന്‍ എത്തിയത്.
