കോഴിക്കോട് : മകനോടൊപ്പം നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച കേസിൽ യുവാവ് പിടിയിൽ. കോഴിക്കോട് ബാലുശ്ശേരി തലയാട് സ്വദേശിയായ സഹൽ(28) ആണ് പിടിയിലായത്.
വയനാട്ടിൽ വെച്ച് ഇന്ന് പുലർച്ചെയാണ് ബാലുശ്ശേരി പോലീസ് സഹലിനെ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയായി രുന്നു സംഭവം. വൈകീട്ട് അഞ്ചോടെ ബാലുശ്ശേരി സന്ധ്യാ റോഡിൽ വെച്ച് ഇയാൾ യുവതിയുടെ മാല പൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
ജോലി കഴിഞ്ഞ് മകനോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉണ്ണികുളം സ്വദേശി അനുശ്രീയുടെ 2.5 പവൻ വരുന്ന മാലയാണ് സഹൽ പൊട്ടിച്ചെടുത്തത്. സമീപത്തെ ഒരു കടയിലെ സിസിടിവിയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ബാലുശ്ശേരി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സഹൽ പിടിയിലായത്.
