ശുചിമുറിക്കടുത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി, സീനിയർ വിദ്യാർത്ഥിനികൾ…

കോഴിക്കോട് : ഒൻപതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനികളെ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഓണാഘോഷത്തിന്റെ ഭാഗമായി കളർ കോഡ് ഡ്രസ് ധരിച്ചെത്തിയ കുട്ടികളെ പത്താം ക്ലാസിലെ വിദ്യാർത്ഥികൾ ചേർന്ന് ഭീഷണിപ്പെടുത്തുന്നത് കണ്ട ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഹിബാ ഫാത്തിമ ഈ സംഭവം അധ്യാപകരെ അറിയിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് ഇതിന്റെ പ്രതികാരമെന്നോണം അവധിക്ക് ശേഷം സ്‌കൂൾ തുറന്ന തിങ്കളാഴ്ച ഹിബഫാത്തിമയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം.

കോഴിക്കോട് കൂടത്തായി സെന്റ്‌മേരീസ് ഹൈസ്‌കൂളിലാണ് പെൺകുട്ടികളെ സീനിയർ വിദ്യാർത്ഥിനികൾ ആക്രമിച്ചത്. മർദ്ദനത്തിൽ നാല് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു. ഓണാഘോഷത്തിന് മുന്നോടിയായി സ്‌കൂളിൽ കളർ കോഡ് ഡ്രസ് ധരിക്കുന്നതിനെച്ചൊല്ലി വിദ്യാർത്ഥിനികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മർദ്ദനം നടന്നത്. ഹിബയെ സീനിയേഴ്സ് ബലമായി ശുചിമുറിക്ക് സമീപത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി മുഖത്ത് കൈകൊണ്ടും കല്ലുകൊണ്ടും അടിക്കുകയും നാഭിക്ക് ചവിട്ടി തള്ളിയിടുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

അക്രമം തടയാൻ ചെന്ന സഹപാഠികളായ മറ്റ് മൂന്ന് വിദ്യാർത്ഥിനികൾക്കും മർദ്ദനമേറ്റിട്ടുണ്ട്. പരിക്കേറ്റ കൊടുവള്ളി മുടൂർ മേപ്പള്ളി സ്വദേശിനിയായ ഹിബാ ഫാത്തിമയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്‌കൂൾ അധികൃതരും പൊലീസും വിഷയത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഹിബയെ ആക്രമിച്ച രണ്ടു വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്തതായി സ്‌കൂൾ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!