കോഴിക്കോട് : എടവണ്ണപ്പാറ പാഞ്ചീരിയിലെ ‘പറയങ്ങാട്ട് ഫ്യുവൽസ്’ എന്ന പെട്രോൾ പമ്പിൽ വ്യാജ നമ്പർ പതിപ്പിച്ചെത്തിയ കാർ ഇന്ധനം നിറച്ച് പണം നൽകാതെ കടന്നുകളഞ്ഞു. വെളുത്ത ഫോക്‌സ്‌വാഗൺ കാറിലെത്തിയ സംഘമാണ് കഴിഞ്ഞ ദിവസം പുലർച്ചെയോടെ പമ്പിൽ തട്ടിപ്പ് നടത്തിയത്. കാറിൽ 1500 രൂപയുടെ പെട്രോൾ അടിച്ച ശേഷം പണം ചോദിച്ച ജീവനക്കാരന് പ്രതി കാർഡ് നൽകി. ജീവനക്കാരൻ സ്വൈപ്പ് മെഷീൻ എടുക്കാനായി തിരിഞ്ഞ ഉടൻ കാർ ഓടിച്ചു പോകുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കാറിലുണ്ടായിരുന്ന നമ്പർ പാലക്കാട് ജില്ലയിൽ ടാക്‌സിയായി ഓടുന്ന മറ്റൊരു കാറിന്റേതായിരുന്നു. പമ്പ് ഉടമ ആ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ പാലക്കാട്ടെ യഥാർത്ഥ കാർ ഉടമ തന്റെ വാഹനത്തിന്റെ ചിത്രങ്ങൾ അയച്ചുനൽകി തട്ടിപ്പ് ബോധ്യപ്പെടുത്തി. തന്റെ വാഹനത്തിന്റെ നമ്പർ വ്യാജമായി ഉപയോഗിച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി. പമ്പ് ഉടമ സിസിടിവി ദൃശ്യങ്ങൾ സഹിതം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
പമ്പിൽ നിന്ന് ഇന്ധനം നിറച്ച് പണം നൽകാതെ കടന്നുകളഞ്ഞു… കാറിൽ ഉണ്ടായിരുന്നത് വ്യാജ നമ്പർ…
