46 വര്‍ഷത്തെ നിയമപോരാട്ടം;
ദേവന്റെ ഭൂമി തിരികെ പിടിച്ച് തൊണ്ടിക്കുഴ ക്ഷേത്ര ഭരണസമിതി

തൊടുപുഴ : 46 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കൈയേറ്റത്തിലൂടെ നഷ്ടമായ ക്ഷേത്ര ഭൂമി തിരികെ പിടിച്ച് തൊണ്ടിക്കുഴ ശ്രീ അമൃതകലശ ശാസ്താക്ഷേത്ര (ശ്രീധര്‍മ്മശാസ്താ ക്ഷേത്രം) ദേവസ്വം ട്രസ്റ്റ്.

പുരാതനകാലത്ത് കീഴ്മലൈ നാട്ടുരാജ്യത്തിന്റെ സൈനിക ആസ്ഥാന കേന്ദ്രമായിരുന്നു തൊണ്ടിക്കുഴ. ഇവിടുത്തെ ആരാധന മൂര്‍ത്തിയായിരുന്നു ധര്‍മ്മശാസ്താവ്. ക്ഷേത്രം പിന്നീട് യുദ്ധം മൂലം തകര്‍ക്കപ്പെടുകയും 20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ പൂജ പൂര്‍ണമായും മുടങ്ങി പരിസരമാകെ കൈയേറ്റത്തിലൂടെ നഷ്ടമാകുകയും ക്ഷേത്ര ഭാഗങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭൂമി കാട് പിടിക്കുകയുമായിരുന്നു.

ക്ഷേത്രത്തിന്റെ ദുരവസ്ഥ കണ്ട് തദ്ദേശീയരായ ഭക്തജനങ്ങള്‍ 1978ല്‍ ഒരുമിച്ചുകൂടി കാടുതെളിച്ച് പൂജ തുടങ്ങി. ഈ സമയത്ത് ദേവന്റെ വിഗ്രഹവും പീഠവും വരെ ഉടഞ്ഞ അവസ്ഥയിലായിരുന്നു. ശ്രീകോവിലും ചുറ്റുമായി 5 സെന്റ് ഭൂമിയായിരുന്നു അന്ന് ക്ഷേത്രഭൂമിയായി ഉണ്ടായിരുന്നത്.

ശ്രീകോവിലിന് സമീപത്തെ തെങ്ങുകളിലെ ആദായം എടുക്കുന്നതു മായി ബന്ധപ്പെട്ട് കൈയേറ്റക്കാരും ഭരണസമിതിയുമായി 1981ല്‍ തര്‍ക്കമുണ്ടായി. പിന്നാലെ പോലീസ് സ്റ്റേഷനിലും തുടര്‍ന്ന് തൊടുപുഴ മുന്‍സിഫ് കോടതിയില്‍ കേസെത്തി. എട്ടുപേരെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് എം.വി. ഭാസ്‌കരന്‍ നായര്‍ പ്രസിഡന്റായുള്ള ക്ഷേത്ര ഭരണസമിതി ഭൂമി തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തു. പിന്നാലെ നടത്തിയ പരിശോധനയില്‍ ഒരു ഏക്കര്‍ 22 സെന്റ് സ്ഥലം സെറ്റില്‍മെന്റ് രജിസ്റ്റര്‍ (1560/12 പഴയ സര്‍വേ നമ്പറില്‍) പ്രകാരം തൊണ്ടിക്കുഴ ശ്രീധര്‍മ്മശാസ്താവിന്റെ പേരിലുള്ളതായി രേഖകള്‍ ലഭിച്ചു.

ഇതിനിടെ സ്ഥലത്ത് സംഘര്‍ഷമുണ്ടാകുകയും പൂജാരി ഉള്‍പ്പെടെയുള്ളവരെ ഒരു കൂട്ടം അക്രമികള്‍ മാരകായുധങ്ങളുമായി ക്രൂരമായി ആക്രമിച്ചു. അക്രമികള്‍ ക്ഷേത്രത്തിലെ വലിയ ഭജനമണ്ഡപവും തിടപ്പള്ളിയും സ്റ്റോറും ഉള്‍പ്പടെ അഗ്‌നിക്കിരയായി.
ഭരണസമിതി കേസുമായി മുന്നോട്ടുപോയി 1989ല്‍ അനുകൂലമായ ആദ്യ വിധി സമ്പാദിച്ചു. അഡ്വ. സി.എസ്. അയ്യപ്പന്‍ പിള്ളയായിരുന്നു അക്കാലത്തെ വക്കീല്‍. എതിര്‍കക്ഷികള്‍ ജില്ലാ കോടതി, ഹൈക്കോടതി, സുപ്രീംകോടതിയിലടക്കം കേസുമായി പോയെങ്കിലും കീഴ്‌കോടതി വിധി ശരിവയ്ക്കുകയായിരുന്നു.

1995ലാണ് ക്ഷേത്രം വീണ്ടും പൂജകള്‍ക്കായി തുറക്കാന്‍ സാധിച്ചത്.
2010ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന കെ.എന്‍. ശിവശങ്കരന്‍ നായര്‍ കേസില്‍ കക്ഷിചേര്‍ന്നു. 2023 ജൂണ്‍ 23ന് അടിസ്ഥാനരഹിതമായ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളി വിധി നടത്തിപ്പിനായി കീഴ്കോടതിയിലേക്ക് കൈമാറി. കേസിലെ ആദ്യ രണ്ട് വാദികളും കേസ് നടത്തിയിരുന്ന പ്രതികളും മരിച്ച് പോയതിനാല്‍ കീഴ്‌കോടതിയിലും വിധി നടത്തിപ്പ് നീണ്ടു.

ക്ഷേത്രത്തിന്റെ പേര് മാറിയതും 2020ല്‍ ഭരണസമിതി മാറി ട്രസ്റ്റ് രൂപീകരിച്ചതും ചൂണ്ടിക്കാട്ടി ഇങ്ങനെയൊരു ക്ഷേത്രമില്ലെന്ന വാദമടക്കം എതിര്‍കക്ഷികള്‍ ഉന്നയിച്ചു. രേഖകളുടെ അടിസ്ഥാനത്തില്‍ ഇതെല്ലാം തള്ളി പുതിയ പ്രസിഡന്റ് അനൂപ് ഒ.ആറിനെ കോടതി കക്ഷിയായി അംഗീകരിച്ചു. കക്ഷികള്‍ക്കെല്ലാം നടപടി ക്രമം പാലിച്ച് നോട്ടീസും അയച്ചു. അവസാന ഘട്ടത്തിലെത്തിയപ്പോള്‍ ആഴ്ചയില്‍ പലതവണ കേസ് പരിഗണിക്കുന്ന സാഹചര്യമുണ്ടായി. 2025 ഡിസംബറില്‍ മുന്‍സിഫ് കോടതി ക്ഷേത്ര ഭൂമി അളന്ന് തിട്ടപ്പെടുത്തി ക്ഷേത്ര ഭരണസമിതിക്ക് നല്‍കുവാന്‍ ഉത്തരവായി.

നടത്തിപ്പിനിടെ പ്രതികള്‍ ഹൈക്കോടതിയില്‍ പോയി രണ്ടാഴ്ചത്തെ സ്റ്റേ നേടി. വീണ്ടും ഹൈക്കോടതിയില്‍ പോയെങ്കിലും ഒരുമാസത്തിന് ശേഷം സ്വമേധയ ഒഴിവായി. തൊടുപുഴ മുന്‍സിഫ് കോടതിയില്‍ അഡ്വ. സി.എസ്. അയ്യപ്പന്‍ പിള്ളയുടെ മകന്‍ എ. അജിത്കുമാര്‍, ബന്ധുകൂടിയായ അഡ്വ. സി.കെ. അനില്‍കുമാര്‍ എന്നിവരാണ് ക്ഷേത്രത്തി നായി ഹാജരായി അന്തിമ വിധി നേടിയെടുത്തത്.

കോടതി ആമിനും താലൂക്ക് സര്‍വെയറും സുരക്ഷക്കായി പോലീസുമെത്തിയാണ് ഒരു വീട് അടങ്ങുന്ന 64.25 സെന്റ് ഭൂമി(ആകെ 69.25 സെന്റ്) അളന്ന് ക്ഷേത്ര ഭരണസമിതിയ്ക്ക് കൈമാറിയത്. ഈ ഭൂമിയിലൂടെയാണ് നിലവിലെ പഞ്ചായത്ത് റോഡ് കടന്നുപോകുന്നത്. കേസിന്റെ നടത്തിപ്പിനിടെ 1989ല്‍ 3-ാം നമ്പര്‍ എതിര്‍കക്ഷി തനിക്ക് മാറി താമസിക്കാന്‍ മറ്റിടമില്ലെന്നും ക്ഷേത്രഭൂമിയില്‍ ജീവിക്കാന്‍ അനുവദിക്കണമെന്നും കോടതിയെ അറിയിച്ചു. ഇത് പ്രകാരം 28.5 സെന്റ് ഭൂമി(കനാലിനായി നല്‍കിയ ഭൂമി കുറച്ച് ആകെ 13.15 സെന്റ്) വീട് വച്ച് താമസത്തിനായി വിട്ടുനല്‍കി.

1990 കാലഘട്ടത്തില്‍ എംവിഐപി കനാല്‍ വന്നതോടെ ഇതിനായി 24.25 സെന്റോളം ക്ഷേത്രഭൂമിയും നഷ്ടമായി. റിസര്‍വേ സ്‌കെച്ച്, കനാലിന്റെ സ്‌കെച്ച് തുടങ്ങിയവ ശേഖരിച്ചാണ് അന്തിമവിധി നടത്തിപ്പിലേക്ക് കോടതി എത്തിയത്. തിരികെ ലഭിച്ച ഭൂമിയില്‍ ആവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ക്ഷേത്ര ട്രസ്റ്റ് ഭരണസമിതി പ്രസിഡന്റ് അനൂപ് ഒ.ആര്‍, സെക്രട്ടറി സി.ടി. സുഭാഷ്, ഖജാന്‍ജി പി.ജി. മുരളി എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!