കണ്ണൂര്‍ : കരിവെള്ളൂരില്‍ സിപിഒ ദിവ്യശ്രീയുടെ കൊലപാതകത്തില്‍ പ്രതി ഭര്‍ത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ. തലശ്ശേരി പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതിയുടേതാണ് വിധി. തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു.
2024 ഫെബ്രുവരി 21നാണ് സിവില്‍ പൊലീസ് ഓഫീസര്‍ പി. ദിവ്യശ്രീയെ(34) ഭര്‍ത്താവ് കെ. രാജേഷ് വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജ് കെ ടി നിസാര്‍ അഹമ്മദാണ് ശിക്ഷ വിധിച്ചത്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിക്കണമെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ അജിത്ത് കുമാറിന്റെ വാദം ഒരു കേസിൽ മൂന്ന് ജീവപര്യന്തം ശിക്ഷ അപൂര്‍വ്വമാണെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.
ചന്തേര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ ദിവ്യശ്രീയെ 2024 നവംബര്‍ 21നാണ് വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് കാണിച്ച് ദിവ്യശ്രീ കണ്ണൂര്‍ കുടുംബ കോടതിയില്‍ കേസ് നല്‍കിയിരുന്നു. കോടതിയില്‍ ഹാജരായി തിരിച്ചു വീട്ടിലെത്തി പിറ്റേന്ന് ശബരിമല ഡ്യൂട്ടിക്ക് പോകാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് വൈകിട്ട് ബൈക്കിലെത്തിയ രാജേഷ് വരാന്തയില്‍ ഗ്രില്‍സിനുള്ളിലുടെ പെട്രോള്‍ ഒഴിച്ചു കത്തിച്ച് അകത്ത് കയറി ദിവ്യശ്രീയെ കൊടുവാള്‍ കൊണ്ടു വെട്ടിയത്. ഇതുതടയാന്‍ ശ്രമിച്ച ദിവ്യശ്രീയുടെ പിതാവന്റെ കൈകള്‍ക്ക് വെട്ടെറ്റു.
മാരകമായി മുറിവേറ്റ ദിവ്യശ്രീയെ അയല്‍വാസികളും നാട്ടുകാരും പൊലിസ് സഹായത്തോടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിനു ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട രാജേഷിനെ ബാറില്‍ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. സംശയ രോഗവും ഭാര്യ തന്നെ വിട്ടുപോകുന്നതിലെ വൈരാഗ്യവും കാരണം ആസൂത്രിതമായ കൊലപാതകമാണ് പ്രതി നടത്തിയതെന്നായിരുന്നു പ്രൊസിക്യൂഷന്‍ കേസ്. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്ന പ്രൊസിക്യൂഷന്‍ വാദം കോടതി സമക്ഷം അംഗീകരിക്കപെട്ടില്ല. എന്നാല്‍ കൊലപാതകത്തിന്റെ ക്രൂരത പരിഗണിച്ചാണ് കോടതി മൂന്ന് ജീവപര്യന്തം വിധിച്ചത്. ദിവ്യശ്രീ – രാജേഷ് ദമ്പതികള്‍ക്ക് ഒരു കുട്ടിയുണ്ട്.
കേസിലെ ഏറ്റവും ശക്തമായ തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കിയത് കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ്. പ്രതി ആയുധം വാങ്ങുന്നതും കൃത്യം നടത്തുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. 102 രേഖകളും 51 തൊണ്ടിമുതലുകളും കേസിന്റെ ഭാഗമായി കോടതിയില്‍ ഹാജരാക്കിയിരുന്നു വിചാരണ വേളയില്‍ തനിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് കാട്ടി പ്രതി രാജേഷ് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കോടതി ഉത്തരവിനെത്തുടര്‍ന്ന് കോഴിക്കോട് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് മനോരോഗമില്ലെന്ന് സ്ഥിരീകരിച്ചിരുന്നു.
