‘കെ സുധാകരനെ ഇല്ലാതാക്കാന്‍ സണ്ണി ജോസഫ് ശ്രമിച്ചു’; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്, കണ്ണൂരില്‍ പൊട്ടിത്തെറി

കണ്ണൂര്‍: നിയസഭാ തെരഞ്ഞെടുപ്പിലേ ക്കുള്ള വോട്ടടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കണ്ണൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.

കെ സുധാകരനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഗൂഢാലോചന നടത്തിയെന്ന് വെളിപ്പെടുത്തല്‍. കെ സുധാകരന്റെ വിശ്വസ്തനും ന്യൂനപക്ഷ കോണ്‍ഗ്രസിന്റെ മുന്‍ ജില്ലാ പ്രസിഡന്റുമായ കെ ആര്‍ അബ്ദുള്‍ ഖാദര്‍ ആണ് വെളിപ്പെടുത്തലിന് പിന്നില്‍.

സുധാകരനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ആസൂത്രിത ഗൂഢാലോചന നടത്തിയത് സണ്ണി ജോസഫാണെന്ന് അബ്ദുള്‍ ഖാദര്‍ ആരോപിച്ചു. ചര്‍ച്ചയ്ക്ക് വേണ്ടി ഡല്‍ഹിയില്‍ കൊണ്ടുപോയി സുധാകരനെ നാണംകെടുത്തിയെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു.

ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് കെ സുധാകരന്‍ നേരത്തെ അറിയിച്ചിരുന്നു. എഐസിസി നിരീക്ഷക ദീപാദാസ് മുന്‍ഷിയും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവും കണ്ണൂര്‍ പാര്‍ലമെന്റ് സീറ്റിലേക്ക് നിര്‍ദേശിച്ചത് വി പി റഷീദിന്റെ പേരായിരുന്നു. നിയമസഭയാണ് താത്പര്യം എന്നറിയിച്ച കെ സുധാകരനെ സണ്ണി ജോസഫ് ഇടപെട്ടാണ് മത്സരത്തിനിറക്കി യത്. അരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട സമയത്ത്, നിര്‍ബന്ധിച്ച് മത്സരിപ്പിച്ചു.

സുധാകരേട്ടനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ഗൂഢാലോചന നടന്നു. മുസ്ലിം സമുദായത്തില്‍നിന്ന് ആരും കണ്ണൂരിലെ കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ ഉണ്ടാകരുതെന്ന ഗൂഢാലോചന പണ്ടേയുണ്ട്. മുസ്സിം സമുദായത്തില്‍നിന്നുള്ളവരെ കേസില്‍കുടുക്കുകയോ രക്തസാക്ഷിയാക്കുകയോ ചെയ്യും. ഇതിന് പിന്നില്‍നിന്ന് കളിക്കുന്നത് സണ്ണി ജോസഫാണ്. സുധാകരനെ ചതിച്ച സണ്ണി ജോസഫിനെ വിജയിപ്പിക്കരുതെന്ന് പേരാവൂരിലെ കോൺഗ്രസുകാർ മനസിലാക്കിയിട്ടുണ്ട്. ഈ ചതി കോൺഗ്രസുകാർ സഹിക്കില്ല, സണ്ണി ജോസഫിനെ ഉറപ്പായും തോൽപ്പിച്ചിരിക്കും, അബ്ദുള്‍ ഖാദര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെ സുധാകരനെ മത്സരിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് എഐസിസിക്ക് കത്തയച്ച വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും വാദങ്ങള്‍ തെറ്റാണെന്നും അബ്ദള്‍ ഖാദര്‍ ആരോപിച്ചു. കെപിസിസിക്ക് നല്‍കിയ കത്ത് വ്യാജമാണെങ്കില്‍ അത് ഇരുവരും തെളിയിക്കണമെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു. സുധാകരന് കണ്ണൂരില്‍ വിജയസാധ്യതയില്ലെന്നും ടി ഒ മോഹനനെ പരിഗണിക്കണമെന്നും ആവശ്യപ്പെടുന്ന കത്തുകളായിരുന്നു സമൂഹമാധ്യമങ്ങളില്‍ നേതാക്കളുടെ പേരില്‍ പ്രചരിച്ചത്. സുധാകരനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും പ്രാദേശിക നേതൃത്വത്തിലും എതിര്‍പ്പുണ്ടെന്നും കത്തിലുണ്ട്. എന്നാല്‍ ഇതിനെ കുറിച്ചറിയില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!