തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബിജെപി തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സ്ഥാനാർത്ഥി ആർ. ശ്രീലേഖയുടെ വക പരസ്യമായ അതൃപ്തി പ്രകടനം. കേന്ദ്രമന്ത്രി എസ്. ജയശങ്കർ ഓൺലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്വന്തം പേരോ മണ്ഡലത്തിന്റെ പേരോ പരാമർശിക്കാത്തതിൽ പ്രകോപിതയായാണ് ശ്രീലേഖ വേദിവിട്ടിറങ്ങിയത്.
വട്ടിയൂർക്കാവ് സ്ഥാനാർത്ഥി ആർ. ശ്രീലേഖയ്ക്ക് വേണ്ടി സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇത്. എന്നാൽ ഉദ്ഘാടന പ്രസംഗത്തിൽ എസ്. ജയശങ്കർ രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണമെന്ന് മാത്രമാണ് ആഹ്വാനം ചെയ്തത്. ശ്രീലേഖയെയോ വട്ടിയൂർക്കാവിനെയോ കുറിച്ച് അദ്ദേഹം പരാമർശിച്ചില്ല. പ്രസംഗത്തിന് പിന്നാലെ ക്ഷുഭിതയായ ശ്രീലേഖ ചടങ്ങ് ബഹിഷ്കരിച്ച് പുറത്തേക്ക് പോയി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമനോട് അവർ കയർത്തു സംസാരിക്കുകയും അതൃപ്തി അറിയിക്കുകയും ചെയ്തു.
വേദിക്ക് പുറത്തെത്തിയ ശ്രീലേഖയെ കെ. സോമൻ ഉൾപ്പെടെയുള്ള നേതാക്കൾ ഏറെ നേരം സംസാരിച്ചാണ് ശാന്തയാക്കിയത്. പിന്നീട് നേതാക്കൾ നിർബന്ധിച്ച് അവരെ തിരികെ വേദിയിലെത്തിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, രാജീവ് ചന്ദ്രശേഖർ എന്നിവരെയും ശ്രീലേഖ തന്റെ പ്രതിഷേധം അറിയിച്ചു.
