കൊല്ലം: ഓസ്‌ട്രേലിയയിൽ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കോടികൾ തട്ടിയെടുത്ത ദമ്പതികൾ പിടിയിലായി. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശികളായ ബിജു ബാലൻ (52), ഭാര്യ രശ്മി (44) എന്നിവരെയാണ് പൂയപ്പള്ളി പോലീസ് പിടികൂടിയത്. എറണാകുളത്തെ മരടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇവർ വലയിലായത്.
പൂയപ്പള്ളി സ്വദേശിയിൽ നിന്ന് ഓസ്‌ട്രേലിയൻ വിസ വാഗ്ദാനം ചെയ്ത് 10.50 ലക്ഷം രൂപയും, വിവാഹ വാഗ്ദാനം നൽകി 15.52 ലക്ഷം രൂപയും ഇവർ തട്ടിയെടുത്തിരുന്നു. വിദേശത്ത് ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപയും, കോഴിക്കോട് സ്വദേശിനിയിൽ നിന്ന് മാത്രം 85 ലക്ഷം രൂപയും ഇവർ കൈക്കലാക്കി. കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലായി വാഹനങ്ങൾ മറിച്ചുവിറ്റും ലോൺ വാഗ്ദാനം ചെയ്തും ഇവർ നിരവധി പേരെ വഞ്ചിച്ചിട്ടുണ്ട്.
2025 ഒക്ടോബറിൽ കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് ഇരുവരും ഒളിവിൽ പോവുകയായിരുന്നു. പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് തെരച്ചിൽ ഊർജിതമാക്കിയിരുന്നു. കൊട്ടാരക്കര ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ നിർദ്ദേശപ്രകാരം പൂയപ്പള്ളി ഇൻസ്പെക്ടർ പി. ഷാജിമോൻ, എസ്‌ഐ രജനീഷ് എന്നിവരടങ്ങിയ സംഘമാണ് മരടിൽ നിന്ന് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഓസ്ട്രേലിയൻ വിസയും സിറ്റിസൺഷിപ്പും വാഗ്ദാനം ചെയ്ത‌് കോടികളുടെ തട്ടിപ്പ്… ദമ്പതികൾ അഞ്ചുമാസത്തിന് ശേഷം പിടിയിൽ
