കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ പാർട്ടി വോട്ടുകൾ എതിർസ്ഥാനാർഥി വി. കുഞ്ഞിക്കൃഷ്ണന് അനുകൂലമായി മറിച്ചുവിട്ടത് ആരൊക്കെയെന്നത് കണ്ടെത്താൻ സിപിഎം അന്വേഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി പ്രാദേശിക നേതാക്കളുടെ തിരഞ്ഞെടുപ്പ് കാലത്തെ ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കുന്ന നടപടികളിലേക്കാണ് പാർട്ടി കടന്നിരിക്കുന്നത്. തോൽവിയെക്കുറിച്ച് അന്വേഷിക്കുന്ന രണ്ടംഗ കമ്മിഷനാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
പയ്യന്നൂർ ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ തന്നെ ചില പാർട്ടി നേതാക്കൾ വോട്ട് ചോർത്തിയെന്ന ഗുരുതര ആരോപണം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. ഹരീന്ദ്രനും പി. വി. ഗോപിനാഥും ഉൾപ്പെട്ട അന്വേഷണ കമ്മിഷനെ നിയോഗിച്ചതെന്നാണ് വിവരം.
ഏരിയ കമ്മിറ്റി അംഗങ്ങൾ, പയ്യന്നൂരിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങൾ, പ്രായപരിധി കാരണം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട മുൻ നേതാക്കൾ എന്നിവരോട് തിരഞ്ഞെടുപ്പ് കാലത്തെ ഫോൺ കോൾ ലിസ്റ്റുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ എംഎൽഎ സി. കൃഷ്ണൻ, ഏരിയ സെക്രട്ടറി പി. സന്തോഷ് എന്നിവർ ഉൾപ്പെടെയുള്ളവരും പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ട്.
പയ്യന്നൂരിൽ സിപിഎമ്മിന് ഏകദേശം 25,000 വോട്ടുകളുടെ നഷ്ടമുണ്ടായെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. എന്നാൽ ഈ അന്വേഷണത്തിൻ്റെ പേരിൽ പാർട്ടിക്കുള്ളിലെ ചില നേതാക്കളെ ലക്ഷ്യമിട്ട് ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന വിമർശനവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്.
ഇതിനിടെ, സി.വി. ധനരാജ് രക്തസാക്ഷി ഫണ്ട്, സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട്, 2021ലെ തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ നിന്ന് ഏകദേശം ഒരു കോടി രൂപ തട്ടിയെടുത്തെന്ന വി. കുഞ്ഞിക്കൃഷ്ണന്റെ ആരോപണവും വീണ്ടും വലിയ ചർച്ചയാകുകയാണ്. ആരോപണങ്ങൾ നിഷേധിക്കുന്നതല്ലാതെ, യഥാർഥ കണക്കുകൾ എന്താണെന്ന് പാർട്ടി ഇതുവരെ പൊതുജനങ്ങൾക്കോ പ്രവർത്തകർക്കോ മുന്നിൽ വ്യക്തമാക്കിയിട്ടില്ലെന്ന വിമർശനവും നിലനിൽക്കുന്നു.
അതേസമയം, സി.വി. ധനരാജിന്റെ രക്തസാക്ഷി ദിനത്തിൽ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും മുൻ എംഎൽഎ ടി.ഐ. മധുസൂദനനും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച അനുസ്മരണ പോസ്റ്റുകൾക്കും ശക്തമായ വിമർശനമാണ് നേരിടേണ്ടി വന്നത്. പാർട്ടി അനുഭാവികളടക്കമുള്ളവർ രക്തസാക്ഷി ഫണ്ടിലെ ആരോപണങ്ങളും പയ്യന്നൂർ തോൽവിയും ചൂണ്ടിക്കാട്ടി രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തെത്തി. വിമർശനങ്ങൾ വ്യാപകമായതോടെ ടി.ഐ. മധുസൂദനന്റെ പോസ്റ്റിലെ കമന്റ് വിഭാഗം അടയ്ക്കേണ്ട സാഹചര്യമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
