കാലാതീതമായൊരു സംഗീതയാത്രയ്ക്ക് തിരശ്ശീല; ഓർമകളിൽ അനശ്വരയായി എസ്. ജാനകി

മൈസൂർ: തലമുറകളുടെ ഹൃദയങ്ങളിൽ മായാത്ത സംഗീതമുദ്ര പതിപ്പിച്ച ഗായിക എസ്. ജാനകി (88) ഇനി ഓർമ. ആരാധകർ സ്നേഹത്തോടെയും ആദരവോടെയും “ജാനകിയമ്മ” എന്ന് വിളിച്ചിരുന്ന അവർ, ഇന്ത്യൻ ചലച്ചിത്ര സംഗീതലോകം കണ്ട ഏറ്റവും മഹത്തായ പിന്നണി ഗായികമാരിൽ ഒരാളായിരുന്നു. ഭാഷകളുടെയും തലമുറകളുടെയും അതിരുകൾ മറികടന്ന് പതിറ്റാണ്ടുകളോളം സംഗീതാസ്വാദകരെ വിസ്മയിപ്പിച്ച ശബ്ദമാണ് നിശബ്ദമായിരിക്കുന്നത്.

1938 ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച ജാനകിക്ക് സംഗീതം ബാല്യകാലം മുതൽ തന്നെ ജീവിതത്തിന്റെ്റെ ഭാഗമായിരുന്നു. മൂന്നാം വയസ്സിൽ തന്നെ സംഗീതത്തോടുള്ള ആഭിമുഖ്യം പ്രകടിപ്പിച്ച അവർ, ആകാശവാണി ദേശീയതല ഗാനമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ് ശ്രദ്ധേയയായത്. തുടർന്ന് മദ്രാസിലെ എ.വി.എം. സ്റ്റുഡിയോയിൽ അവസരം ലഭിച്ചു. 1957-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം വിധിയിൻ വിളയാട്ട് എന്ന സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനത്തിലൂടെയാ യിരുന്നു ചലച്ചിത്ര പിന്നണി ഗാനരംഗത്തേ ക്കുള്ള അരങ്ങേറ്റം. പിന്നീട് ആ യാത്ര ചരിത്രമായി.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ദക്ഷിണേന്ത്യൻ ഭാഷകളെല്ലാം ഉൾപ്പെടെ ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസമീസ്, സിന്ധി തുടങ്ങി പതിനേഴിലധികം ഇന്ത്യൻ ഭാഷകളിലും ജാനകി ഗാനങ്ങൾ ആലപിച്ചു. ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള തുടങ്ങിയ വിദേശഭാഷകളിലും ശബ്ദസാന്നിധ്യം അറിയിച്ച അവർ, വിവിധ ഭാഷകളിലായി 48,000-ത്തിലേറെ ഗാനങ്ങൾ ആലപിച്ചെന്നത് ഇന്ത്യൻ സംഗീത ചരിത്രത്തിലെ അപൂർവ നേട്ടമാണ്. മലയാളത്തിൽ മാത്രം 1,200-ലധികം സിനിമാഗാനങ്ങൾ അവർക്ക് സ്വന്തം.

ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം നാലുതവണ ജാനകിയെ തേടിയെത്തി. 1976-ൽ തമിഴ് ചിത്രം പതിനാറു വയതിനിലേയിലെ “സിന്ദൂരപ്പൂവേ…”, 1980-ൽ മലയാള ചിത്രം ഓപ്പോൾയിലെ “ഏറ്റുമാനൂർ അമ്പലത്തിൽ…”, 1984-ൽ തെലുങ്ക് ചിത്രം സിതാരയിലെ “വെന്നല്ലോ ഗോദാരി…”, 1992-ൽ തമിഴ് ചിത്രം തേവർമകൻയിലെ “ഇഞ്ചി ഇടുപ്പഴകാ…” എന്നീ ഗാനങ്ങളാണ് ദേശീയ ബഹുമതി നേടിക്കൊടുത്തത്.

കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം 14 തവണയും തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം ഏഴുതവണയും ആന്ധ്രപ്രദേശ് സർക്കാരിന്റെ അവാർഡ് പത്തുതവണയും നേടി ജാനകി റെക്കോർഡ് നേട്ടം സ്വന്തമാക്കി. കലൈമാമണി, സുർ സിംഗർ, സിനിമാ ആർക്കൈവർസ് അവാർഡ്, സ്വരലയ യേശുദാസ് അവാർഡ് തുടങ്ങി നിരവധി ബഹുമതികളും അവർക്ക് ലഭിച്ചു.

2013-ൽ പ്രഖ്യാപിച്ച പത്മഭൂഷൺ പുരസ്കാരം സ്വീകരിക്കാതിരിക്കാൻ അവർ എടുത്ത തീരുമാനം രാജ്യവ്യാപകമായി ചർച്ചയായിരുന്നു. കലാകാരന്മാരെ വേണ്ട സമയത്ത് ആദരിക്കണമെന്ന നിലപാടാണ് അവർ അന്ന് വ്യക്തമാക്കിയത്.

ഗായിക മാത്രമല്ല, ഗാനരചയിതാവും സംഗീതസംവിധായികയുമായും ജാനകി തന്റെ പ്രതിഭ തെളിയിച്ചു. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ച അവർ സംഗീതത്തിന്റെ വിവിധ മേഖലകളിലും സാന്നിധ്യമുറപ്പിച്ചു.

ആറു പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിന് 2017-ൽ മൈസൂരിലെ മാനസ ഗംഗോത്രി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന സംഗീതപരിപാടിയോടെയാണ് അവർ ഔദ്യോഗികമായി വിരാമമിട്ടത്. ആയിരങ്ങളുടെ സാന്നിധ്യത്തിൽ സിനിമയിലും പൊതുവേദികളിലും ഇനി പാടില്ലെന്ന് പ്രഖ്യാപിച്ച ആ നിമിഷം ആരാധകർ കണ്ണീരോടെയായിരുന്നു ഏറ്റുവാങ്ങിയത്.

ഇന്ന് ജാനകിയമ്മയുടെ ശബ്ദം നിശ്ശബ്ദമായിരിക്കാം. എന്നാൽ അവർ പാടിയ ഓരോ ഗാനവും അനേകം തലമുറകളുടെ ഓർമകളിൽ എന്നും ജീവിക്കും. ഇന്ത്യൻ സംഗീതചരിത്രത്തിൽ ഒരിക്കലും മായാത്ത സ്വരമുദ്ര പതിപ്പിച്ച ആ മഹാഗായികയ്ക്ക് സംഗീതലോകത്തിന്റെ പ്രണാമം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!