കലാശക്കൊട്ടിന് നാലുനാള്‍ മാത്രം ബാക്കി; പ്രധാനമന്ത്രി ഇന്ന് വീണ്ടും കേരളത്തില്‍; സ്ഥാനാര്‍ഥികളുമായി കൂടിക്കാഴ്ച; തലസ്ഥാനത്ത് വന്‍ റോഡ് ഷോ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കലാശക്കൊട്ടിന് നാലുദിവസം മാത്രം ശേഷിക്കെ, സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി. ബിജെപി ക്യാംപിന് ആത്മവിശ്വാസം പകര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് പ്രധാനമന്ത്രി

നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തും. നരേന്ദ്ര മോദി തിരുവനന്തപുരത്തും തിരുവല്ലയിലും തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. തിരുവല്ല, ആറന്മുള, ചെങ്ങന്നൂര്‍ അടക്കമുള്ള 10 നിയമസഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുടെ സംഗമം തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ നടക്കും. തിരുവനന്തപുരത്ത് നടത്തുന്ന റോഡ്‌ഷോ തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകും.

ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മോദി അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വൈകീട്ട് മൂന്നിന് ചങ്ങനാശേരി കോളജ് ഗ്രൗണ്ടില്‍ ഇറങ്ങും. അവിടെ നിന്ന് റോഡ് തിരുവല്ലയില്‍ എത്തും. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ നടക്കുന്ന സംഗമത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് തിരിക്കും. വൈകീട്ട് റോഡ് ഷോയ്ക്ക് ശേഷം മോദി ഡല്‍ഹിയിലേക്ക് മടങ്ങും.

കേരളത്തില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ച് മാര്‍ച്ച് 29ന് പാലക്കാട്ടു നടന്ന സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. പാലക്കാട്ടു നിന്നു തൃശൂരിലെത്തിയ പ്രധാനമന്ത്രി സ്വരാജ് റൗണ്ടില്‍ റോഡ്‌ഷോയില്‍ പങ്കെടുത്തതിനു ശേഷമാണ് കൊച്ചി വഴി ഡല്‍ഹിക്ക് മടങ്ങിയത്. തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ബിജെപി സ്ഥാനാര്‍ഥികളായ കെ.കെ.അനീഷ് കുമാര്‍ (മണലൂര്‍), സി.സി.മുകുന്ദന്‍ (നാട്ടിക), പത്മജാ വേണുഗോപാല്‍ (തൃശൂര്‍), കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പമാണ് മോദി റോഡ് ഷോയില്‍ പങ്കെടുത്തത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് എം.സി റോഡില്‍ തിരുവല്ല മുതല്‍ ചങ്ങനാശ്ശേരി വരെ ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നരം 6വരെ ട്രാഫിക് നിയന്ത്രണങ്ങള്‍ ഉണ്ടാകും. ചങ്ങനാശ്ശേരി എന്‍എസ്എസ് കോളജും പരിസരപ്രദേശങ്ങളും ഇന്ന് 12 മണിയോടുകൂടി പൊലീസ് നിയന്ത്രണത്തില്‍ ആകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!