ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പരസ്പരം പ്രകോപനം സൃഷ്ടിക്കുന്ന നീക്കങ്ങള്‍ ഇനിയുണ്ടാകില്ലെന്ന് ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈനിക ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണ. 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യ തിരിച്ചടി നല്‍കിയതിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആക്രമണം ശക്തമായിരുന്നു. പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതിന് ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ ആക്രമണം ശക്തമാക്കിയിരുന്നു.
ഇരുപക്ഷത്തിന്റെയും ഭാഗത്ത് നിന്ന് വെടിനിര്‍ത്തലിന് ധാരണയായ സാഹചര്യത്തിലാണ് സൈനിക തല ചര്‍ച്ചകള്‍ നടന്നത്. ഇരുപക്ഷവും വെടിയുതിര്‍ക്കുകയോ, ശത്രുതാപരമായ നടപടി സ്വീകരിക്കുകയോ ചെയ്യരുതെന്ന ധാരണ തുടരുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ സൈനികരെ കുറയ്ക്കുന്നതടക്കമുള്ള അടിയന്തര നടപടികള്‍ ഇരുപക്ഷവും പരിഗണിക്കണമെന്നും ധാരണയായിട്ടുണ്ട്.
‘വൈകുന്നേരം 5:00 നാണ് ഡിജിഎസ്എംഒ തമ്മിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇരുപക്ഷവും വെടിയുതിര്‍ക്കുകയോ പരസ്പരം ആക്രമണാത്മകവും ശത്രുതാപരമായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യരുതെന്ന പ്രതിജ്ഞാബദ്ധത തുടരുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അതിര്‍ത്തിയിലും സമീപപ്രദേശങ്ങളില്‍ നിന്നും സൈനികരെ കുറയ്ക്കുന്നതിനുള്ള അടിയന്തര നടപടികള്‍ ഇരുപക്ഷവും പരിഗണിക്കാനും ധാരണയായി, ‘ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
