2006ൽ പറവൂരിലെ ഡീൽ എന്തായിരുന്നു?; വിഡി സതീശന്‍ ഗോള്‍വാള്‍ക്കര്‍ക്കു മുന്നില്‍ വിളക്കു കൊളുത്തുന്ന ചിത്രവുമായി മുഖ്യമന്ത്രി

കൊച്ചി: സിപിഎം- ബിജെപി ഡീൽ ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പറവൂരിൽ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷ ചടങ്ങിൽ പങ്കെടുത്ത് വിഡി സതീശൻ വിളക്കു കൊളുത്തുന്ന ചിത്രം സഹിതമാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്. 2006-ൽ പറവൂരിലെ ഡീൽ എന്തായിരുന്നുവെന്ന് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

2006-ൽ പറവൂരിൽ ആർഎസ്എസ് നടത്തിയ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷ ചടങ്ങിൽ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങി വിളക്കു കൊളുത്തുകയും ചെയ്തത് ഏത് ഡീൽ ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കണം. ഈ പരിപാടിയെ പറ്റി ചോദിക്കുമ്പോൾ 2013-ലെ മറ്റൊരു പരിപാടിയെപ്പറ്റി പറഞ്ഞുകൊണ്ട് സ്ഥിരമായി രക്ഷപ്പെടുകയാണ് അദ്ദേഹം. 2006-ലെ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത വിഷയത്തിൽ വിഡി സതീശന്റെ മറുപടി എന്താണെന്നറിയാൻ മതനിരപേക്ഷ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്.

ആർഎസ്എസിന്റെ രണ്ടാം സർ സംഘചാലകും ആ പദവിയിൽ ഏറ്റവും കൂടുതൽ കാലം ഇരുന്നയാളുമായ ഗോൾവാൾക്കറെ പൂവിട്ടു പൂജിക്കാൻ വിഡി സതീശൻ കണ്ടെത്തിയ സമയവും പ്രധാനമാണ്. 2006 ഫെബ്രുവരിയിലായിരുന്നു പറവൂർ മനക്കപ്പടി സ്കൂളിൽ പ്രസ്തുത പരിപാടി നടന്നത്. അതായത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപ്.

2001-ലെയും 2006-ലെയും നിയമസഭാ തെരഞ്ഞെടുപ്പിൽ വിഡി സതീശൻ ആർഎസ്എസ് പിന്തുണ അഭ്യർത്ഥിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ വെളിപ്പെടുത്തിയത് 2022-ലാണ്. ഈ വിഷയത്തിലും പ്രതിപക്ഷ നേതാവ് ഇതുവരെയും വ്യക്തമായ മറുപടി നൽകിയിട്ടില്ല. ആർഎസ്എസ് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു അന്നത്തെ ഗോൾവാൾക്കർ പൂജയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ല. 2006-ൽ പറവൂരിലെ ഡീൽ എന്തായിരുന്നുവെന്ന് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!