ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 18 വർഷം. 2008 നവംബർ 26ന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നടന്ന ഭീകരാക്രമണം ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ സംഭവങ്ങളിലൊന്നാണ്.
ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയും രാജ്യത്തിനായി ജീവത്യാഗം ചെയ്ത ധീരസേനാനികളെയും രാജ്യം ഇന്ന് അനുസ്മരിക്കുന്നു.
പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്കറെ ത്വയ്ബ ഭീകരസംഘടന നടത്തിയ ആക്രമണത്തിൽ വിദേശികളടക്കം 166 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മുംബൈ പൊലീസിന്റെയും ദേശീയ സുരക്ഷാ സേനയുടെയും ധീരമായ ഇടപെടലാണ് ഭീകരാക്രമണത്തിന് അന്ത്യം കുറിച്ചത്.ആക്രമണക്കേസിൽ ജീവനോടെ പിടിയിലായ അജ്മൽ കസബിനെ വിചാരണയ്ക്കുശേഷം 2012 നവംബറിൽ തൂക്കിലേറ്റി.
കേസിലെ മറ്റൊരു പ്രതിയായ തഹാവൂർ റാണയെ 2025ൽ അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്തിച്ചിരുന്നു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ തീരദേശ സുരക്ഷയും രഹസ്യാന്വേഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തി.ആക്രമണത്തിന്റെ പതിനെട്ടാം വാർഷികത്തിൽ മുംബൈയിൽ വിവിധ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചു. ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ പ്രത്യേക അനുസ്മരണ പരിപാടിയും സംഘടിപ്പിക്കും. ഭീകരാക്രമണത്തിന്റെ മുറിവുകൾ ഇന്നും മായാതെ നിൽക്കുമ്പോൾ, ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് രാജ്യം
